ന്യൂഡൽഹി: ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന വിശ്വഹിന്ദു പരിഷത്ത് പരിപാടിയിലെ അലഹബാദ് ഹൈകോടതി ജഡ്ജി ശേഖർ കുമാർ യാദവിന്‍റെ വിവാദ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി ഓൾ ഇന്ത്യ ലോയേഴ്സ് യൂനിയൻ. വിദ്വേഷ പ്രസംഗമാണ് ജഡ്ജി നടത്തിയതെന്നും സുപ്രീംകോടതി ഇടപെടണമെന്നും ലോയേഴ്സ് യൂനിയൻ ചൂണ്ടിക്കാട്ടി.
സത്യപ്രതിജ്ഞ ലംഘനമാണ് ജഡ്ജി നടത്തിയതെന്നും സുപ്രീംകോടതി നടപടി സ്വീകരിക്കണമെന്നും ലോയേഴ്സ് യൂണിയൻ ആവശ്യപ്പെട്ടു. ഇത്തരം പരിപാടിയിൽ സിറ്റിങ് ജഡ്ജി പങ്കെടുക്കുന്നത് നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ്.
ഒരു സാധാരണക്കാരൻ പോലും ഇതുപോലെ സംസാരിക്കാറില്ല. സ്വതന്ത്ര ജുഡീഷ്യറി എന്ന ഒരു ആശയമുണ്ടെന്നും അതിന് ജുഡീഷ്യറിക്കുള്ളിൽ നിന്ന് തുരങ്കം വെക്കുന്ന പ്രവൃത്തിയാണ് എസ്.കെ യാദവ് ചെയ്തിട്ടുള്ളതെന്നും അധ്യക്ഷൻ പി.വി സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി.
അലഹബാദ് ഹൈകോടതി ലൈബ്രറി ഹാളിൽ വിശ്വഹിന്ദു പരിഷത്ത് ലീഗൽ സെൽ സംഘടിപ്പിച്ച പരിപാടിയിലാണ് ജഡ്ജി എസ്.കെ യാദവ് വിവാദ പരാമർശം നടത്തിയത്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്ന് പറഞ്ഞ ജഡ്ജി, ഏക സിവിൽ കോഡ് ഉടൻ യാഥാർഥ്യമാകുമെന്നും ചൂണ്ടിക്കാട്ടി.
ഭൂരിപക്ഷത്തിന്‍റെ അഭിപ്രായ പ്രകാരമായിരിക്കും ഭരിക്കപ്പെടുകയെന്നും രാജ്യം മുന്നോട്ടു പോവുകയെന്നും ജഡ്ജി വ്യക്തമാക്കി. ഏക സിവിൽ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഉടൻ യാഥാർഥ്യമാകും. ഏക സിവിൽ കോഡ് ഐക്യം, ലിംഗ സമത്വം, മതേതരത്വം എന്നിവ ഉറപ്പ് നൽകുന്നതാണ്.
ആർ.എസ്.എസും വി.എച്ച്.പിയും മാത്രമല്ല ഏക സിവിൽ കോഡ് ആവശ്യപ്പെടുന്നത്. രാജ്യത്തിന്‍റെ പരമോന്നത നീതിപീഠവും ഏക സിവിൽ കോഡിനെ പിന്തുണക്കുന്നു- ശേഖർ കുമാർ യാദവ് വ്യക്തമാക്കി.
ജഡ്ജി ശേഖർ കുമാർ യാദവ് മുമ്പും വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു. പശു ദേശീയ മൃഗമാകണമെന്നായിരുന്നു പരാമർശം. പശു ഓക്സിജൻ ശ്വസിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്ന ജീവിയാണെന്നാണ് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നത് എന്നും പറഞ്ഞിട്ടുണ്ട്. പശുവിനെ കശാപ്പ് ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള വിധിയിലായിരുന്നു ഈ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.