മുഴുവൻ ഇന്ത്യൻ വിദ്യാർഥികളെയും ഒഴിപ്പിച്ചു

ന്യൂഡൽഹി: കനത്ത റഷ്യൻ ആക്രമണം തുടരുന്ന സുമിയിലെ ഇന്ത്യൻ വിദ്യാർഥികളെ ബങ്കറുകളിൽനിന്ന് ഒഴിപ്പിച്ചുതുടങ്ങി. ചൊവ്വാഴ്ച രാവിലെ ഒമ്പതുമണിയോടെ വെടിനിർത്തൽ നിലവിൽവന്നതിനു പിന്നാലെയാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. സുമിയിൽ ശേഷിക്കുന്ന 694 ഇന്ത്യൻ വിദ്യാർഥികളും പോർട്ടാവയിലേക്ക് ബസ് മാർഗം യാത്രതിരിച്ചുവെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു.

ഇന്ത്യൻ എംബസി ഇനിയും തങ്ങളുടെ കാര്യത്തിൽ ഇടപെട്ടില്ലെങ്കിൽ യുദ്ധം വകവെക്കാതെ 50 കി.മീറ്റർ അകലെയുള്ള റഷ്യൻ അതിർത്തിയിലേക്ക് നടന്നുപോകുമെന്ന് വിദ്യാർഥികൾ ശനിയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്നും ജീവൻ അപകടത്തിലാക്കരുതെന്നും ബങ്കറുകളിൽതന്നെ കഴിയണമെന്നും ആവശ്യപ്പെട്ട് വിദേശമന്ത്രാലയം അവരെ ഇതുവരെ പിടിച്ചുനിർത്തുകയായിരുന്നു.

യുക്രെയ്ൻ തലസ്ഥാനമായ കിയവിൽനിന്ന് 350 കി.മീറ്റർ അകലെയുള്ള സുമി റഷ്യൻ അതിർത്തിയോടു ചേർന്നുള്ള കിഴക്കൻ പ്രദേശമാണ്. അവിടെനിന്ന് മധ്യ യുക്രെയ്നിലുള്ള പോൾട്ടാവയിലേക്കാണ് ഇന്ത്യൻ വിദ്യാർഥികളെ കൊണ്ടുവരുന്നത്.

രണ്ടാഴ്ചയായി തങ്ങളെ രക്ഷപ്പെടുത്തണമെന്ന് കരഞ്ഞ് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു സുമിയിലെ ഇന്ത്യൻ വിദ്യാർഥികൾ. ഭക്ഷണവും വെള്ളവും തീർന്നതുമൂലം ഐസ്കട്ടകൾ ഉരുക്കി ജലമാക്കി ജീവൻ നിലനിർത്താൻ പാടുപെടുന്നതിന്‍റെ വിഡിയോകളും പുറത്തുവിട്ടിരുന്നു. ചൊവ്വാഴ്ച ബസുകളെത്തിയെന്നും അതിൽ കയറിത്തുടങ്ങിയെന്നും കുടുങ്ങിയ വിദ്യാർഥികളും സ്ഥിരീകരിച്ചു. 

Tags:    
News Summary - All Indian students were evacuated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.