സുരക്ഷ നൽകാനാവില്ല; എട്ട് ഹിന്ദു-മുസ്‌ലിം ദമ്പതികളുടെ ഹരജി അലഹബാദ് ഹൈകോടതി തള്ളി

ലഖ്നോ: ദാമ്പത്യ ജീവിതത്തിന് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി എട്ട് ഹിന്ദു-മുസ്‌ലിം ദമ്പതികൾ സമർപ്പിച്ച ഹരജികൾ അലഹബാദ് ഹൈകോടതി തള്ളി. ഇവരുടെ മിശ്രവിവാഹം യു.പി സർക്കാറിന്‍റെ നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമം അനുസരിച്ചുള്ളതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജികൾ തള്ളിയത്.

എട്ട് ദമ്പതികളും വെവ്വേറെ സമർപ്പിച്ച ഹരജികളാണ് ജസ്റ്റിസ് സരൾ ശ്രീവാസ്തവ ജനുവരി 10 മുതൽ 16 വരെയുള്ള തിയതികളിൽ പരിഗണിച്ച് തള്ളിയത്. തങ്ങളുടെ ജീവിതത്തിന് സുരക്ഷ വേണമെന്നും ദാമ്പത്യജീവിതത്തിൽ അനാവശ്യ ഇടപെടലുകൾ തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജി.

എന്നാൽ, നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമം അനുസരിച്ചുള്ളതല്ല ഇവരുടെ വിവാഹമെന്ന് ജസ്റ്റിസ് സരൾ ശ്രീവാസ്തവ സമാനമായ വിധികളിൽ പറഞ്ഞു. നിയമത്തിന് അനുസൃതമായ മിശ്രവിവാഹമാണ് നടന്നതെങ്കിൽ ഹരജിക്കാർക്ക് റിട്ട് ഹരജി നൽകാമെന്നും കോടതി പറഞ്ഞു. അഞ്ച് മുസ്‌ലിം പുരുഷൻ-ഹിന്ദു സ്ത്രീ ദമ്പതികളും മൂന്ന് ഹിന്ദു പുരുഷൻ-മുസ്‌ലിം സ്ത്രീ ദമ്പതികളുമാണ് ഹരജി നൽകിയത്.

ബലപ്രയോഗത്തിലൂടെയോ തെറ്റിദ്ധരിപ്പിച്ചോ ആൾമാറാട്ടത്തിലൂടെയോ വിവാഹം ചെയ്ത് മതപരിവർത്തനം നടത്തുന്നത് തടയുന്നതിനായാണ് 2021ൽ യു.പിയിൽ നിർബന്ധിത മതപരിവർത്തന നിയമം കൊണ്ടുവന്നത്. എന്നാൽ, നിയമം മിശ്രവിവാഹങ്ങളെ തടയുന്നതാണെന്ന് അന്നുതന്നെ വിമർശനമുയർന്നിരുന്നു. യു.പി കൂടാതെ മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലും സമാനമായ നിയമമുണ്ട്. ഇവ‍യുടെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജി നിലവിൽ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.  

Tags:    
News Summary - Allahabad High Court rejects pleas filed by 8 Hindu-Muslim couples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.