കൊച്ചി: മാവോയിസ്റ്റെന്ന് ആരോപിച്ച് അറസ്റ്റിലായ കോയമ്പത്തൂർ സ്വദേശി ഡാനിഷ് എന്ന കൃഷ്ണൻ ജാമ്യം നേടി പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും അറസ്റ്റ് ചെയ്തതതിൽ പ്രതിഷേധം ശക്തം. മനുഷ്യാവകാശ പ്രസ്ഥാനം എന്ന സംഘടനയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവിധ കേസുകളിലായി 2018 ഒക്ടോബർ മുതൽ ഡാനിഷ് ജയിലിലായിരുന്നു. ഡാനിഷിനെ വീണ്ടും അറസ്റ്റ് ചെയ്തത് ആസൂത്രിതമായ നീക്കമാണെന്നും സംഘടന ആരോപിച്ചു.
ഡാനിഷ് 2018 ഒക്ടോബറിലാണ് അട്ടപ്പാടിയിൽ നിന്നും അറസ്റ്റിലായത്. യു.എ.പി.എ നിയമം ചുമത്തിയായിരുന്നു അറസ്റ്റ്. കേരളത്തിലെ വിവിധ ജില്ലകളിലായി ഇയാൾക്കെതിരെ13ഒാളം കേസുകളുണ്ട്. 13 കേസിലും ഡാനിഷിന് ജാമ്യം ലഭിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാക്കിയുണ്ടായിരുന്ന അവസാന കേസിലും തിങ്കളാഴ്ച പാലക്കാട് കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചതോടെയാണ് ഡാനിഷിെൻറ പുറത്തിറങ്ങലിന് വഴിയൊരുങ്ങിയത്.
വിയ്യൂർ ജയിലിൽ നിന്ന് ഡാനിഷ് പുറത്ത് വന്നതിന് പിന്നാലെ അദ്ദേഹത്തെ തീവ്രവാദ വിരുദ്ധസേന വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കോഴിക്കോട് താമരശ്ശേരിയിൽ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചുവെന്ന കേസിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇടതുപക്ഷ സംസ്കാരത്തെ തകർക്കാനാണ് കേരളം ഭരിക്കുന്ന സി.പി.എം നേതൃത്വത്തിലുള്ള സർക്കാറിെൻറ ശ്രമമെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.