അല്ലു അർജുൻ ഇന്ന് മോചിതനാകില്ല

ഹൈദരാബാദ്: തെലുഗ് സൂപ്പർസ്റ്റാർ അല്ലു അർജുൻ ഇന്ന് മോചിതനാകില്ല. ‘പുഷ്പ 2’ സിനിമ റിലീസിങ് ദിവസം തിയറ്ററിൽ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടന് ഇടക്കാല ജാമ്യം അനുവദിച്ചെങ്കിലും ജാമ്യ ഉത്തരവിന്‍റെ ഒപ്പിട്ട പകർപ്പ് ജയിൽ അധികൃതർക്ക് ഇതുവരെ ലഭിച്ചിട്ടില്ല.

ചഞ്ചൽഗുഡ ജയിലിലെ ക്ലാസ് -1 ബാരക്കിലാകും രാത്രി നടൻ കഴിയുക. ശനിയാഴ്ച രാവിലെ ജാമ്യ ഉത്തരവ് ലഭിച്ചശേഷം മാത്രമേ നടന് പുറത്തിറങ്ങാനാകു. ജയിലിന് പുറത്ത് ആരാധകരുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുര‍ക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് നടന് ജാമ്യം ലഭിച്ചത്. കേസുമായി ബന്ധപ്പെട്ട് അല്ലു അർജുനെ ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ താമസ സ്ഥലത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കനത്ത സുരക്ഷയിൽ പൊലീസ് വാഹനത്തിൽ ചിക്കാഡ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ടു. തുടർന്നാണ് നടൻ ജാമ്യംതേടി ഹൈകോടതിയെ സമീപിച്ചത്. അപേക്ഷ പരിഗണിച്ച കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

50,000 രൂപയുടെ ബോണ്ട് കെട്ടിവെക്കാനും നിർദേശിച്ചു. മരിച്ച സ്ത്രീയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിച്ച ഹൈകോടതി സംഭവത്തിൽ കുറ്റം ഒരാളുടെ മേൽ മാത്രം കെട്ടി വെക്കാൻ കഴിയുമോ എന്നും ചോദിച്ചു. യുവതിയുടെ കുടുംബം നൽകിയ പരാതിയിലാണ് നടനും നടന്റെ സുരക്ഷയൊരുക്കുന്ന സംഘത്തിനും തിയറ്റർ മാനേജ്മെന്റിനുമെതിരെ കേസെടുത്തത്. സംഭവത്തിൽ തിയറ്റർ ഉടമ, മാനേജർ, ഉൾപ്പെടെ മൂന്നുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ പൊലീസ് അന്വേഷണം തടസ്സപ്പെടുത്തരുതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും നടന്‍റെ ജാമ്യ ഉത്തരവിൽ പറയുന്നു.

Tags:    
News Summary - Allu Arjun will not be released today; He will spend the night in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.