എൻ. ചന്ദ്രബാബു നായിഡു (PTI Photo)

ആന്ധ്രയുടെ തലസ്ഥാനം അമരാവതി തന്നെ -പ്രഖ്യാപനവുമായി ചന്ദ്രബാബു നായിഡു

വിജയവാഡ: ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനം അമരാവതി തന്നെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ച് തെലുഗുദേശം പാർട്ടി അധ്യക്ഷനും നിയുക്ത മുഖ്യമന്ത്രിയുമായ എൻ. ചന്ദ്രബാബു നായിഡു. സത്യപ്രതിജ്ഞക്ക് ഒരു ദിവസം മാത്രം ശേഷിക്കെയാണ് ചന്ദ്രബാബു നായിഡു ഇക്കാര്യം വ്യക്തമാക്കിയത്. പോളവാരം ജലസേചന പദ്ധതി പൂർത്തിയാക്കുമെന്നും വിശാഖപട്ടണത്തെ സംസ്ഥാനത്തിന്‍റെ വ്യാവസായിക തലസ്ഥാനമായി വികസിപ്പിക്കുമെന്നും വിജയവാഡയിൽ നടന്ന എൻ.ഡി.എ യോഗത്തിൽ നായിഡു പറഞ്ഞു.

“അമരാവതി നമ്മുടെ തലസ്ഥാനമാകും. മൂന്ന് തലസ്ഥാനം സൃഷ്ടിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ഉദ്ദേശ്യമില്ല. വിശാഖപട്ടണം വ്യാവസായിക തലസ്ഥാനമാകും. വിശാഖപട്ടണത്തിന്‍റെയും റായലസീമയുടെയും വികസനത്തിനായി പ്രത്യേക പ്രാധാന്യം നൽകും. പ്രതികാര രാഷ്ട്രീയമല്ല, ക്രിയാത്മക രാഷ്ട്രീയമാണ് നാം സ്വീകരിക്കേണ്ടത്” -ചന്ദ്രബാബു നായിഡു പറഞ്ഞു.

തെരഞ്ഞെടുപ്പിൽ വൈ.എസ്.ആർ കോൺഗ്രസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചന്ദ്രബാബു നായിഡു അധികാരത്തിലെത്തിയത്. നേരത്തെ, 2019ൽ അധികാരമേറ്റ വൈ.എസ്.ആർ കോൺഗ്രസ് സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനുമുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അമരാവതിയെ നിയമനിർമാണ തലസ്ഥാനം, വിശാഖപട്ടണം ഭരണതലസ്ഥാനം, കുർണൂർ നീതിന്യായ ആസ്ഥാനം എന്നിങ്ങനെയായിരുന്നു പദ്ധതി.

2022 മാർച്ചിൽ അമരാവതിയെ തലസ്ഥാന നഗരമായി വികസിപ്പിക്കാൻ ആന്ധ്രപ്രദേശ് ഹൈകോടതി നിർദേശിച്ചു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി ഇതുവരെ പരിഗണിച്ചിട്ടില്ല. അമരാവതി തലസ്ഥാനമാക്കുമെന്നത് ഇത്തവണ ടി.ഡി.പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയാണ്.

Tags:    
News Summary - Amaravati will be capital of Andhra Pradesh: Chandrababu Naidu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.