ന്യൂഡൽഹി: പിണറായി വിജയൻ ഇന്ത്യയിലെ മുഖ്യമന്ത്രിമാരിൽ ഏറ്റവും പ്രായം കൂടിയ മൂന്നു പേരിൽ ഒരാൾ. പ്രഖ്യാപിത സ്വത്ത് 1.07 കോടി രൂപ. നേരിടുന്ന ചെറുതും വലുതുമായ കേസുകൾ 55. മുഖ്യമന്ത്രിമാരിൽ പ്രായം കൊണ്ട് വലിയ കാരണവർ പഞ്ചാബിലെ അമരീന്ദർ സിങ്ങാണ് -74 വയസ്സ്. പിണറായി വിജയന് രണ്ടു വയസ്സ് കുറവ്. മിസോറമിലെ ലാൽ തനാവ്ലക്ക് 71 വയസ്. 70നും 80നുമിടയിൽ പ്രായമുള്ളവർ ഇവർ മൂന്നുപേർ മാത്രം. 60നും 70നുമിടയിൽ പ്രായമുള്ള 13 മുഖ്യമന്ത്രിമാരുണ്ട്. 50നും 60നുമിടയിലുള്ളവർ 10.
മുഖ്യമന്ത്രിമാരിൽ ഏറ്റവും ചെറുപ്പക്കാരായ മൂന്നു പേർ: അതിസമ്പന്നരിൽ രണ്ടാമനായ പെമ ഖണ്ഡു, അരുണാചൽ പ്രദേശ് (35), ദേവേന്ദ്ര ഫട്നാവിസ്, മഹാരാഷ്ട്ര (44), യോഗി ആദിത്യനാഥ്, യു.പി (45). മുഖ്യമന്ത്രിമാരിലെ മൂന്ന് അതിസമ്പന്നർ ഇവരാണ്: ചന്ദ്രബാബു നായിഡു, ആന്ധ്രപ്രദേശ് -178 കോടി, പെമ ഖണ്ഡു, അരുണാചൽ പ്രദേശ് -130 കോടി, അമരീന്ദർ സിങ്, പഞ്ചാബ് -48 കോടി. സമ്പത്തിൽ ഏറ്റവും പിന്നാക്കം ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാറാണ് -27 ലക്ഷം മാത്രം. അതുകഴിഞ്ഞാൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി -30 ലക്ഷം. 56 ലക്ഷം രൂപ സ്ഥാവര, ജംഗമ ആസ്തിയായി കാണിച്ചിട്ടുള്ള ജമ്മു-കശ്മീർ മുഖ്യമന്ത്രി മഹ്ബൂബ മുഫ്തിയാണ് ഇവർക്കു മുകളിൽ മൂന്നാം സ്ഥാനത്ത്.
എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തെരഞ്ഞെടുപ്പു കാലത്ത് നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ ക്രോഡീകരിച്ച് ജനാധിപത്യ പരിഷ്കരണത്തിനായുള്ള കൂട്ടായ്മ (എ.ഡി.ആർ) തയാറാക്കിയ രേഖയിലാണ് ഇൗ വിവരങ്ങൾ. 25 കോടിപതി മുഖ്യമന്ത്രിമാരിൽ ഒരാളാണ് പിണറായി വിജയൻ. 100 കോടി രൂപക്കുമേൽ സമ്പന്നരായ രണ്ടു മുഖ്യമന്ത്രിമാരാണ് ഉള്ളതെങ്കിൽ 10 കോടി മുതൽ 50 കോടി വരെ സ്വത്തുള്ളവർ ആറു പേരുണ്ട്. പിണറായി വിജയൻ അടക്കം ഒരു കോടിക്കും 10 കോടിക്കും ഇടയിൽ സ്വത്തുള്ളവരാണ് ഏറ്റവും കൂടുതൽ -17 പേർ.
ഒരു കോടിയിൽ താഴെ മാത്രം സ്വത്തുള്ളവർ ആറു പേർ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് രണ്ടു കോടിയിൽപരം രൂപയുടെ സ്വത്തുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാറിന് 1.71 കോടി. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 95 ലക്ഷത്തിൽപരം. കേസുകൾ നേരിടുന്ന മുഖ്യമന്ത്രിമാരുടെ പട്ടികയിൽ എട്ടാമതാണ് പിണറായി വിജയൻ. മൊത്തം കേസുകൾ 55. ഇതിൽ ഗുരുതരമായത് ഒന്ന്. പൊതുമുതൽ നശിപ്പിക്കൽ, സമരം എന്നിങ്ങനെ എല്ലാം തന്നെ രാഷ്ട്രീയ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.