കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർട്ടി നേതാക്കളോടും പ്രവർത്തകരോടും സംസാരിക്കുന്ന ഒമ്പത് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ക്ലിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ‘കഴിയുന്നിടത്തോളം തുടരും... നിർത്തണമെന്ന് തോന്നിയാൽ നിർത്തും’ എന്ന് വിഡിയോയിൽ രാഹുൽ ഗാന്ധി പറയുന്നതും കേൾക്കാം. ഇത് ഭാരത് ജോഡോ യാത്രയെ കുറിച്ചാണെന്നാണ് ബി.ജെ.പി സോഷ്യൽ മിഡിയ വെട്ടുകിളികൾ ആരോപിക്കുന്നത്.
ബി.ജെ.പിയുടെ ദേശീയ ഐ.ടി സെൽ തലവൻ അമിത് മാളവ്യ ഈ വിഡിയോ രാഹുൽ ഗാന്ധിയെ പരിഹസിക്കുന്ന അടിക്കുറിപ്പ് സഹിതം ട്വീറ്റ് ചെയ്തു. ‘കഴിയുന്നിടത്തോളം തുടരും... നിർത്തണമെന്ന് തോന്നിയാൽ നിർത്തും... രാജകുമാരാ, ഇതെങ്ങനെ ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകും?" എന്നാണ് ഹിന്ദിയിലുള്ള അടിക്കുറിപ്പ്.
ബി.ജെ.പി ഡൽഹി സെക്രട്ടറി കുൽജീത് സിങ് ചാഹലും വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ഇതേ ആരോപണം ഉന്നയിച്ചു. ‘ഭാരത് ജോഡോ യാത്ര രാഹുൽ ഗാന്ധിക്ക് ഒരു ടൈംപാസ് മാത്രമായിരുന്നുവെന്നും ഗൗരവമായി എടുത്തിട്ടില്ലെന്നും’ അദ്ദേഹം കമന്റ് ചെയ്തു. രാജസ്ഥാനിൽനിന്നുള്ള ബി.ജെ.പി നേതാവ് ലക്ഷ്മികാന്ത് ഭരദ്വാജും ഒമ്പത് സെക്കൻഡ് വീഡിയോ പങ്കുവെച്ച് സമാനവാദം ഉന്നയിച്ചു.
സത്യത്തിൽ, ബി.ജെ.പി നേതാക്കൾ ഒന്നടങ്കം ആരോപിക്കുന്നത് പോലെ രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയെ കുറിച്ചാണോ ഈ വിഡിയോയിൽ സംസാരിക്കുന്നത്?. അല്ല എന്നതാണ് യാഥാർഥ്യം. ഭാരത് ജോഡോ യാത്രക്കിടെ വേറൊരു വിഷയത്തിൽ രാഹുൽ ഗാന്ധിയും മറ്റൊരാളും തമ്മിൽ തമാശരൂപേണ നടത്തിയ സംഭാഷണമാണ് ബി.ജെ.പി സൈബർ കൂട്ടം നുണപ്രചാരണത്തിന് ഉപയോഗിക്കുന്നത്.
അമിത് മാളവ്യയുടെ ട്വീറ്റിന് മറുപടിയായി ഈ വീഡിയോയുടെ 16 സെക്കന്റ് ദൈർഘ്യമുള്ള യഥാർഥ ദൃശ്യം യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബിവി ശ്രീനിവാസ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയിൽ രാഹുൽ ഗാന്ധിയോടൊപ്പമുള്ള ഒരാൾ ‘ഇനി എപ്പോഴും ടീ ഷർട്ടിൽ തന്നെ ആയിരിക്കുമോ?’ എന്ന് ചോദിക്കുന്നുണ്ട്. ഇതിനുള്ള മറുപടിയായാണ് ‘കഴിയുന്നിടത്തോളം തുടരും... നിർത്തണമെന്ന് തോന്നിയാൽ നിർത്തും...’ എന്ന് രാഹുൽ ഗാന്ധി പ്രതികരിക്കുന്നത്. 16സെക്കൻഡുള്ള ഈ വിഡിയോയിൽ നിന്ന് ഒമ്പത് സെക്കൻഡ് മാത്രം മുറിച്ചെടുത്താണ് ബി.ജെ.പി നുണ പ്രചരിപ്പിക്കുന്നത്.
വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ റിപ്പോർട്ടർ സിദ്ധാർത്ഥ് ശർമ്മയും ഈ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. ഒരു മാധ്യമപ്രവർത്തകൻ രാഹുൽ ഗാന്ധിയോട് ടി-ഷർട്ടിനെക്കുറിച്ച് ചോദിച്ചപ്പോഴുള്ള പ്രതികരണമാണ് വൈറലായതെന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.