ന്യൂഡൽഹി: വഖഫ് ബിൽ പാസാകുന്നതോടെ വഖഫ് സ്വത്തുക്കൾക്ക് വഖഫ് ബോർഡ് നിർബന്ധമല്ലാതാകുമെന്നും ബോറകൾക്കും ശിയാക്കൾക്കും അഹ്മദിയാക്കൾക്കും മറ്റാർക്കും വഖഫ് സ്വന്തം നിലക്ക് ട്രസ്റ്റുണ്ടാക്കി പരിപാലിക്കാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ബിൽ ഇസ്‍ലാം വിരുദ്ധമല്ലെന്ന് അവകാശപ്പെട്ട അമിത് ഷാ, പുതിയ നിയമം നടപ്പാക്കാൻ അനുവദിക്കില്ലെന്ന ഭീഷണി നടപ്പില്ലെന്നും എന്തു വിലകൊടുത്തും നടപ്പാക്കുമെന്നും മുന്നറിയിപ്പ് നൽകി. ലോക്സഭയിൽ വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വഖഫ് അറബി വാക്കാണ്. ഹദീസുകൾ ഇത് വിശദീകരിക്കുന്നുണ്ട്. അല്ലാഹുവിന്റെ പേരിൽ പവിത്രമായ ലക്ഷ്യങ്ങളോടെ നൽകുന്ന സ്വന്തം സ്വത്തുക്കളുടെ ദാനമാണ് വഖഫ്. സർക്കാറിന്റെയോ മറ്റുള്ളവരുടെ സമ്പത്തോ അല്ല ദാനമായി നൽകേണ്ടത്. മുസ്‍ലിംകൾ ദാനം ചെയ്ത ഭൂമി തട്ടിയെടുക്കുമെന്ന് പറഞ്ഞ് വഖഫിന്റെ പേരിലുള്ള കൈയേറ്റങ്ങൾ നിലനിർത്താനാണ്. ഇനിയത് നടക്കില്ല. 2013ലെ വഖഫ് നിയമം കൊണ്ടുവന്നില്ലായിരുന്നുവെങ്കിൽ ഈ വഖഫ് നിയമം കൊണ്ടുവരില്ലായിരുന്നു. ഡൽഹിയിലെ 123 സർക്കാർ സ്വത്തുക്കൾ വഖഫ് സ്വത്തുക്കളായി വിജ്ഞാപനം ചെയ്തത് തിരുത്താനുള്ളതാണ് ഈ നിയമം. വഖഫ് സ്വത്തുക്കൾ നൂറുകണക്കിന് വർഷമായി കൈയടക്കി വരുമാനമുണ്ടാക്കുന്ന, മോഷ്ടിക്കുന്ന പണം കണ്ടെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്. 500 കോടിയുടെ വിലയുള്ള വഖഫ് സ്വത്ത് 12,000 രൂപക്ക് പഞ്ചനക്ഷത്ര ഹോട്ടൽ നടത്താൻ കൊടുത്തു. റെയിൽവേയുടെ പക്കലുള്ള ഭൂമി കൊണ്ട് എത്ര പണമുണ്ടാക്കുന്നുണ്ട്. എന്നാൽ, ഇത്രയും ഭൂമിയുണ്ടായിട്ടും 124 കോടിയാണ് വഖഫിലെ വരുമാനം. വഖഫിന്റെ പരിപാലനത്തിനുണ്ടാക്കിയതാണ് ഈ നിയമം’ -അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി: ന്യൂനപക്ഷത്തെ സംരക്ഷിക്കാനാണ് വഖഫ് ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് 2025ലെ ഏറ്റവും വലിയ തമാശയാണെന്ന് ബില്ലിന്റെ ചർച്ചയിൽ പങ്കെടുത്ത് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു. ശാരീരികമായും മാനസികമായും സാമൂഹികമായും ഇന്ത്യയിലെ ന്യൂനപക്ഷത്തെ വേട്ടയാടുന്ന സർക്കാറാണ് അദ്ദേഹത്തിന്റേത്.
പ്രതിപക്ഷ കക്ഷികളുടെ ശക്തമായ ആവശ്യത്തിനും ഇടപെടലിനും വഴങ്ങി ഒടുവിൽ കേന്ദ്രസർക്കാർ ജോയന്റ് പാർലമെന്ററി കമ്മിറ്റിയെ നിയോഗിച്ചിരുന്നുവെങ്കിലും ജെ.പി.സി ഇക്കാര്യത്തിൽ ബന്ധപ്പെട്ട സമൂഹത്തിന് ആശ്വാസകരമല്ലാത്ത നിലപാടാണ് കൈക്കൊണ്ടത്. കേന്ദ്രസർക്കാറിന്റെ താൽപര്യങ്ങൾക്ക് അനുസൃതമായി റിപ്പോർട്ട് നൽകാനുള്ള ഉപാധി മാത്രമായി ജെ.പി.സി നിലകൊണ്ടു. പാർലമെന്റിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന തരത്തിലാണ് ജെ.പി.സിയെക്കൊണ്ട് കേന്ദ്രസർക്കാർ റിപ്പോർട്ട് തയാറാക്കിപ്പിച്ചത്. തുടർന്ന് അവതരിപ്പിക്കപ്പെട്ട ബില്ലിൽ രാജ്യത്ത് വഖഫ് ചെയ്യപ്പെട്ട ഭൂമികളുടെ കാര്യത്തിൽ അവയുടെ ഉദ്ദേശ്യത്തിന് വിരുദ്ധമായും അതുപ്രകാരം അവരോട് നന്ദികേട് കാണിക്കുന്ന വിധത്തിലും ആണ് സർക്കാർ പെരുമാറുന്നത്. ദൈവികമായ ആഗ്രഹത്തോടെ ഉദ്ദേശ്യ ലക്ഷ്യത്തോടെ സമർപ്പിക്കപ്പെട്ട ഭൂമികളുടെ അധികാരത്തിൽ മറ്റു മതവിഭാഗങ്ങൾക്കും ക്രയവിക്രയ അധികാരം നൽകുന്നത് നീതീകരിക്കാൻ ആകുന്ന കാര്യമല്ലെന്നും ഇ.ടി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.