കൂട്ടബലാത്സംഗം: ആൻഡമാൻ നികോബർ മുൻ ചീഫ് സെക്രട്ടറിയെ എട്ടു മണിക്കൂർ ചോദ്യം ചെയ്ത് അന്വേഷണ സംഘം

പോർട്ട് ബ്ലെയർ: കൂട്ടബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ആൻഡമാൻ നികോബർ ദ്വീപിന്റെ മുൻ ചീഫ് സെക്രട്ടറിയെ പ്രത്യേക അന്വേഷണ സംഘം എട്ടുമണിക്കൂർ ചോദ്യം ചെയ്തു. മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേയ്നിനെയാണ് വെള്ളിയാഴ്ച എട്ടു മണിക്കൂർ ചോദ്യം ചെയ്തത്. ആൻഡമാൻ നികോബർ സ്വദേശിയായ 21കാരിയുടെ പരാതിയിലാണ് എസ്.ഐ.ടി കേസ് രജിസ്റ്റർ ചെയ്തത്. പെൺകുട്ടിയെ സർക്കാർ ജോലി നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് ചീഫ് സെക്രട്ടറിയുടെ വസതിയിലേക്ക് വിളിച്ചു വരുത്തി നരേയ്നുൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.

ലേബർ കമീഷണർ ആർ.എൽ ഋഷി, ഒരു പൊലീസ് ഇൻസ്‍പെക്ടർ, ഹോട്ടൽ ഉടമ എന്നിവരും ബലാത്സംഗക്കേസിൽ പ്രതികളാണ്. പൊലീസ് ഇൻസ്‍പെകട്റേയും എസ്.ഐ.ടി ഇന്നലെ ചോദ്യം ചെയ്തിട്ടുണ്ട്.

നരേയ്നെ പോർട്ട്ബ്ലെയറിലെ പൊലീസ് ലൈനിൽ വെച്ച് രാവിലെ ചോദ്യം ചെയ്യാൻ ആരംഭിച്ചതാണ്. ഇന്നും നരേയ്നെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ട്. കൊൽക്കത്ത ഹൈകോടതിയുടെ ഉത്തരവ് പ്രകാരമാണ് നരേയ്ൻ ചോദ്യം ചെയ്യലിനായി പോർട്ട് ബ്ലെയറിലെത്തിയത്. നരേയ്ൻ ഡൽഹി ഫിനാൻഷ്യൽ കോർപ്പറേഷന്റെ എം.ഡി ആന്റ് ചെയർമാനായി നിയമിതനായ ശേഷം ഒക്ടോബർ ഒന്നിനാണ് വിഷയത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഒക്ടോബർ 17 സർക്കാർ ഇദ്ദേഹത്തെ സസ്‍പെൻഡ് ചെയ്തു.

തന്റെ പിതാവും രണ്ടാനമ്മയും സംരക്ഷിക്കുന്നില്ലെന്നും തനിക്ക് ജീവിക്കാൻ ജോലി ആവശ്യമായിരുന്നെന്നും യുവതി പറയുന്നു. ജോലിക്കായി ചില ആളുകൾ ഇവരെ ലേബർ കമീഷണറുടെ അടുത്തെത്തിച്ചു. അദ്ദേഹം അന്നത്തെ ചീഫ് സെക്രട്ടറിയുടെ അടുത്ത സുഹൃത്തായിരുന്നു. ദ്വീപിന്റെ ഭരണപരമായ കാര്യങ്ങൾ നിർവഹിക്കുന്നതിനായി ഔദ്യോഗിക അഭിമുഖങ്ങളൊന്നുമില്ലാതെ 7800 ഉദ്യോഗാർഥികളെ ചീഫ് സെക്രട്ടറി ശിപാർശ വഴി മാത്രം നിയമിച്ചതായും യുവതി എഫ്.ഐ.ആറിൽ ആരോപിക്കുന്നു. ഇങ്ങനെ സർക്കാർ ജോലി ലഭിക്കുമെന്ന പ്രലോഭനത്തിൽ വീണാണ് യുവതി ചീഫ് സെക്രട്ടറിയുടെ വസതിയിൽ എത്തിയത്. അവിടെ വെച്ച് ഏപ്രിൽ 14 മുതൽ മെയ് ഒന്നു വരെ തന്നെ ബലാത്സംഗം ചെയ്തതായും യുവതി പരാതിയിൽ പറയുന്നു.

സംഭവത്തിൽ ആൻഡമാൻ നികോബർ ദ്വീപുകളിൽ കനത്ത പ്ര​തിഷേധം നടക്കുന്നുണ്ട്. സ്ത്രീക്കെതിരെ ക്രൂരകൃത്യം നടന്നിരിക്കുകയാണ്. അവൾക്ക് നീതി ലഭ്യമാക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. 

Tags:    
News Summary - Andaman Ex Chief Secretary Grilled Over 'Gang Rape' For 8 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.