ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹന്‍റെ സഹോദരിയും വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ ചേരുമെന്ന് സൂചന. വൈ.എസ്.ആർ തെലങ്കാനാ പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയുമാണ് യദുഗുരി സന്ദിന്തി ശർമിള റെഡ്ഡി. ഈയാഴ്ച തന്നെ അംഗത്വമെടുത്തേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
കോൺഗ്രസ്സിന്‍റെ ആശയങ്ങളെ ബഹുമാനിക്കുന്നതും കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും രാഹുൽ ഗാന്ധിയെയും സ്നേഹിക്കുന്നതുമായ ആർക്കും കോൺഗ്രസ്സിലേക്ക് സ്വാഗതമെന്ന് ആന്ധ്ര പ്രദേശ് കോൺഗ്രസ് പ്രസിഡന്‍റ് ഗിഡുഗു രുദ്ര രാജു പറഞ്ഞു. നവംബർ 30ന് നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈ.എസ്. ശർമിള മത്സരിക്കാൻ വിസ്സമ്മതിക്കുകയും കോൺഗ്രസ്സിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
തെലങ്കാനയിൽ ബി.ആർ.എസ് ആധിപത്യം അവസാനിപ്പിച്ച് കോൺഗ്രസ് വൻ വിജയം നേടിയതിന് പിറകെയാണ് ശർമിളയുടെ തീരുമാനം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശർമിളക്ക് കോൺഗ്രസ് സ്ഥാനം നൽകിയേക്കും. ശർമിളയെക്കൂടാതെ പത്തോളം വൈ.ആർ.എസ് പാർട്ടി എം.എൽ.എമാരും മുൻ എം.എൽ.എ മാരും കോൺഗ്രസിൽ ചേർന്നേക്കുമെന്നാണ് സൂചന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.