അമരാവതി: ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിൽ സ്ത്രീക്ക് പാഴ്സലായി എത്തിയത് മൃതദേഹം. അജ്ഞാതനായ പുരുഷന്റെ മൃതദേഹമാണ് യേന്ദഗാൻഡി ഗ്രാമത്തിലെ നാഗ തുളസിക്ക് ലഭിച്ചത്. വീടിന്റെ നിർമാണത്തിനായി ക്ഷത്രിയ സേവ സമിതിക്ക് നാഗ തുളസി അപേക്ഷ സമർപ്പിച്ചിരുന്നു.
സമിതി സ്ത്രീക്ക് പാഴ്സലായി ടൈൽസുകൾ അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. പിന്നീട് കൂടുതൽ സഹായം ആവശ്യപ്പെട്ടപ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങൾ പാഴ്സലായി അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി. തുടർന്ന് ഒരാൾ ഇലക്ട്രിക് ഉപകരണങ്ങളാണെന്ന് അറിയിച്ച് ഒരു ബോക്സ് തുളസിക്ക് കൈമാറി. ഇത് തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ബോക്സിനുള്ളിൽ നിന്ന് 1.30 കോടി രൂപ ആവശ്യപ്പെടുന്ന കത്തും കണ്ടെത്തിയിട്ടുണ്ട്.
പണം നൽകിയില്ലെങ്കിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാവുമെന്നാണ് കത്തിൽ പറയുന്നത്. 45 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് തുളസിയുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. നാല് ദിവസത്തെയെങ്കിലും പഴക്കം മൃതദേഹത്തിന് ഉണ്ടാവുമെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.