ചെന്നൈ: തമിഴ്നാട് മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ കെ.പി അമ്പളകനുമായി ബന്ധമുള്ള 57 സ്ഥലങ്ങളിൽ റെയ്ഡ്. വിജിലൻസ്-ആന്‍റി കറപ്ഷൻ വിഭാഗമാണ് പരിശോധന നടത്തുന്നത്.
കെ.പി അമ്പളകൻ, ഭാര്യ എ. മല്ലിക, മക്കളായ ശശി മോഹൻ, ചന്ദ്ര മോഹൻ, ചന്ദ്ര മോഹന്‍റെ ഭാര്യ എസ്. വൈഷ്ണവി എന്നിവർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം ചൂണ്ടിക്കാട്ടിയാണ് വിജിലൻസ്-ആന്‍റി കറപ്ഷൻ വിഭാഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2016-2021 കാലയളവിൽ മന്ത്രിയായിരിക്കെ അമ്പളകൻ അഴിമതി നടത്തുകയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും പേരുകളിൽ പണവും മറ്റ് സ്വത്തുക്കളും നിക്ഷേപിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
2016, 2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെ സമർപ്പിച്ച സത്യവാങ്മൂലത്തിലെ വരുമാന, സ്വത്ത് വിവര കണക്കുകളിലെ പൊരുത്തക്കേട് അടിസ്ഥാനമാക്കിയാണ് വിജിലൻസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.