ന്യൂഡൽഹി: അണുബോംബിന്റെ പിതാവായ ഓപൺഹൈമറിന്റെ ബയോപിക് ചിത്രത്തിലെ വിവാദ രംഗങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഇടപെടൽ. അമേരിക്കൻ സംവിധായകൻ ക്രിസ്റ്റഫർ നോളനാണ് ചിത്രം ഒരുക്കിയത്. വിവാദങ്ങൾക്കിടയിലും വൻ കലക്ഷനാണ് ചിത്രത്തിന് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. ആദ്യ രണ്ടു ദിവസം മാത്രം സിനിമ ഇന്ത്യയിൽനിന്ന് 31 കോടി രൂപയുടെ കലക്ഷനുണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
ചിത്രത്തിലെ ലൈംഗിക ബന്ധത്തിനിടെ യുവതി ഭഗവത് ഗീത വായിക്കുന്ന രംഗമാണ് വിവാദത്തിനിടയാക്കിയത്. ഈ രംഗങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉത്തരവിട്ടു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാൻ നിർദേശമുണ്ട്. വിവാദ രംഗത്തിൽ താക്കൂർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി 'ഇന്ത്യ ടുഡേ' റിപ്പോർട്ട് ചെയ്തു. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സി.ബി.എഫ്.സി) അംഗങ്ങളോട് മന്ത്രി വിശദീകരണം തേടിയിട്ടുണ്ട്. ഇത്തരമൊരു രംഗത്തിന് എങ്ങനെയാണ് അനുമതി നൽകിയതെന്നാണ് താക്കൂർ അംഗങ്ങളോട് ചോദിച്ചത്.
ചിത്രത്തിന് പ്രദർശനാനുമതി നൽകിയതിന് ഉത്തരവാദിത്തം ഏൽക്കണമെന്ന് സെൻസർ ബോർഡിനോട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. വിവാദരംഗം നീക്കം ചെയ്ത ശേഷമേ ഇനി സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാവൂ. ഇത്തരം അലംഭാവങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ പേരിൽ ബോർഡിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും നടപടി വേണമെന്നും അനുരാഗ് താക്കൂർ നിർദേശിച്ചിട്ടുണ്ട്.
വിവാദ രംഗം ഉൾപ്പെടുത്തിക്കൊണ്ട് എങ്ങനെയാണ് സിനിമക്ക് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ(സി.ബി.എഫ്.സി) ലഭിച്ചതെന്നാണ് അത്ഭുതമെന്ന് സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ടുകൊണ്ട് കേന്ദ്ര സർക്കാരിന്റെ ഇൻഫർമേഷൻ കമ്മീഷണർ ഉദയ് മഹൂർക്കർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതേ കുറിച്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അടിയന്തരമായി അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ആരാണെങ്കിലും കർശനമായി ശിക്ഷിക്കണമെന്നും സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.