ബി.ജെ.പിയിൽ ചേർന്ന മുലായം സിങ് യാദവിന്റെ മരുമകൾ എസ്.പിയിലേക്ക് മടങ്ങി വരുമോ​? വൈറൽ ഫോട്ടോ നൽകുന്ന സൂചന എന്ത്?

 ലഖ്നോ: ഉത്തർപ്രദേശിലെ രാഷ്ട്രീയത്തെ കുറിച്ച് ആർക്കും ഒരു ചുക്കും അറിയില്ല. ബി.​ജെ.പിയിൽ ചേർന്ന അപർണ യാദവും മുതിർന്ന എസ്.പി നേതാവ് ശിവ്പാൽ യാദവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അപർണ എസ്.പിയിലേക്ക് മടങ്ങിയെത്തുന്നു എന്ന തരത്തിലാണ് ഫോട്ടോയെ അധികരിച്ചുള്ള വാർത്തകൾ.

ശിവ്പാലിന്റെ ഭാര്യയുടെ പാദങ്ങളിൽ അപർണ നമസ്കരിക്കുന്നതും ചിത്രങ്ങളിൽ കാണാം. ബി.ജെ.പിയിൽ നിലവിൽ തൃപ്തയല്ലെന്നും ശിവ്പാൽ വഴി എസ്.പിയിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ് അപർണ എന്നുമാണ് റിപ്പോർട്ടുകൾ. സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ്ങിന്റെ ഇളയ മരുമകളായ അപർണ യാദവ് 2022ലാണ് ബി.ജെ.പിയിൽ ചേർന്നത്.

അടുത്തിടെ യോഗി സർക്കാർ അപർണയെ സംസ്ഥാന വനിത കമ്മീഷ​ൻ അധ്യക്ഷയായി നിയമിച്ചിരുന്നു. എന്നാൽ ആ സ്ഥാനം ഏറ്റെടുക്കാൻ അപർണ താൽപര്യം കാണിച്ചില്ല. സ്ഥാനം നൽകവെ അപർണയെ പ്രശംസിച്ച് ബി.ജെ.പി തലവൻ ഭൂപേന്ദ്ര ചൗധരി സംസാരിച്ചിരുന്നു. ''ഞങ്ങളുടെ കുടുംബത്തിലെ കഠിനാധ്വാനിയായ പ്രവർത്തകയാണ് അപർണ. ഏത് ചുമതല ഏൽപിച്ചാലും അവർ അത് ഭംഗിയായി നിർവഹിക്കും. നമ്മുടെ പാർട്ടിയിലെ നേതാവാണ് അവർ, പാർട്ടി കുടുംബത്തിലെ അംഗവും. അവർ പാർട്ടിയിൽ ചേർന്നതുമുതൽ പാർട്ടി പരിപാടികളിലും പ്രചാരണങ്ങളിലും പ​ങ്കെടുക്കാറുണ്ട്. സർക്കാർ അവർക്ക് പുതിയ ചുമതലകൾ നൽകുകയാണ്. പുതിയ ചുമതലയും അവർക്ക് ഭംഗിയായി നിർവഹിക്കാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.പാർട്ടിയുടെ വിശ്വസ്തതയും ''-എന്നാണ് ഭൂപേന്ദ്ര ചൗധരി പറഞ്ഞത്.

അതേസമയം, യോഗി സർക്കാർ നൽകിയ പുതിയ ചുമതലയിൽ അതൃപ്തിയുണ്ടെന്ന മാധ്യമ റിപ്പോർട്ടുകളോടും അപർണ പ്രതികരിച്ചിട്ടില്ല. പാർട്ടിക്കുള്ളിൽ നിരന്തരം അവഗണന നേരിടുന്നതാണ് അവരുടെ പ്രശ്നം. നിലവിൽ ഡൽഹിയിലുള്ള അപർണ ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ചയിലാണ്.

2022ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അപർണ എസ്.പി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. രണ്ട് വർഷത്തിനു ശേഷം യു.പിയിലെ 10 നിയമസഭ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപർണക്ക് യോഗി സർക്കാർ പുതിയ ചുമതല നൽകിയത്. അവരെ യു.പി വനിത കമ്മീഷൻ അധ്യക്ഷയാക്കിയണ് തീർത്തും യാദൃശ്ചികമാണോ അതോ ബി.ജെ.പിയുടെ തന്ത്രമാണോ എന്നാണ് ഉയരുന്ന ചോദ്യം.

Tags:    
News Summary - Aparna Yadav did not even turn up to join the post she was offered in the Yogi government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.