താജ്മഹലിൽ വെള്ളക്കുപ്പികൾ നിരോധിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

ആഗ്ര: താജ്മഹലിനുള്ളില്‍ വെള്ളക്കുപ്പികള്‍ നിരോധിച്ചുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ഉത്തരവിറക്കി. സന്ദര്‍ശകരും ഗൈഡുമാരും താജ്മഹലിനകത്തേക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരുന്നതാണ് നിരോധിച്ചത്. താജ്മഹലിനുള്ളില്‍ ജലാഭിഷേകം നടത്തിയതിന് രണ്ട് ഹിന്ദു മഹാസഭ പ്രവര്‍ത്തകര്‍ പിടിയിലായ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

താജ്മഹലിന്റെ ചമേലി ഫാര്‍ഷ് മുതല്‍ പ്രധാന മിനാരം വരെയുള്ള പ്രദേശത്താണ് വെള്ളക്കുപ്പികള്‍ നിരോധിച്ചിരിക്കുന്നത്. അതേസമയം നടപടിക്കെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ചൂടുകാലത്ത് വെള്ളക്കുപ്പികളില്ലാതെ വിനോദസഞ്ചാരികള്‍ക്ക് താജ്മഹലിലെ കാഴ്ചകള്‍ കാണാന്‍ കഴിയില്ലെന്ന് വിമര്‍ശകര്‍ പറയുന്നു.

കൊടും ചൂടില്‍ സന്ദര്‍ശകര്‍ തലകറങ്ങി വീഴുന്ന സംഭവങ്ങള്‍ പോലും ഉണ്ടാകുന്ന സാഹചര്യത്തില്‍ വെള്ളക്കുപ്പികള്‍ വിലക്കുന്നത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം വലിയ ബുദ്ദിമുട്ടുകള്‍ ഉണ്ടാക്കും. ഇത് വിദേശ സഞ്ചാരികളുടെ അളവിലും കുറവുണ്ടാക്കുമെന്ന് ടൂറിസം ജീവനക്കാരും പറയുന്നു.

കഴിഞ്ഞ ദിവസമാണ് രണ്ടുപേര്‍ താജ്മഹലിനുള്ളില്‍ വെള്ളം ഒഴിച്ചത്. ഇവരെ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയിരുന്നു. ചെറിയ കുപ്പിയിലാണ് ഇവര്‍ വെള്ളം കൊണ്ടുവന്നത്. താജ്മഹല്‍ ചരിത്രസ്മാരകമല്ലെന്നും ശിവക്ഷേത്രമാണെന്നുമായിരുന്നു ഇവരുടെ വാദം

Tags:    
News Summary - Archaeological Survey of India bans water bottles at Taj Mahal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.