ന്യൂഡൽഹി/ ശ്രീനഗർ: കശ്മീരിലെ നിയന്തണരേഖയിൽ രണ്ട് സൈനികരുടെ തലയറുത്ത പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി കരസേന മേധാവി ബിപിൻ റാവത്ത്. സംഭവത്തിന് തക്ക തിരിച്ചടി ഉറപ്പാണെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനിക നീക്കങ്ങൾക്കുമുമ്പ് അതുസംബന്ധിച്ച വിവരങ്ങൾ സൈന്യം പുറത്തുവിടാറില്ല. എന്നാൽ, സൈനികരുടെ തലയറുത്തതുപോലുള്ള സംഭവങ്ങളുണ്ടായാൽ തിരിച്ചടി നൽകുകതന്നെ ചെയ്യും. നടത്താനുദ്ദേശിക്കുന്ന കാര്യങ്ങൾ അതിരഹസ്യമായി സൂക്ഷിക്കും. ദൗത്യം വിജയിച്ചശേഷം വിശദാംശങ്ങൾ പുറത്തുവിടുമെന്നും റാവത്ത് കൂട്ടിച്ചേർത്തു.
അതിനിടെ, തെക്കൻ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷ സേന തെരച്ചിൽ നടത്തുന്നതിനിടെ, തീവ്രവാദികളുടെ വെടിെവപ്പുണ്ടായി. ഒരു സിവിലിയൻ കൊല്ലപ്പെട്ടു. ബാങ്കുകൾ കൊള്ളയടിക്കപ്പെടുകയും പൊലീസുകാർക്കുനേരെ ആക്രമണം വ്യാപകമാകുകയും ചെയ്ത സാഹചര്യത്തിലാണ് തെരച്ചിൽ ശക്തമാക്കിയത്.
വേനൽക്കാലമായതോടെ ജമ്മു-കശ്മീരിൽ നുഴഞ്ഞു കയറ്റം വർധിച്ചതായി റാവത്ത് പറഞ്ഞു. ഇത് തടയാൻ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഭീകരരുടെ താവളങ്ങൾ കണ്ടെത്തി നശിപ്പിക്കാൻ വ്യാപക നീക്കമാണ് സൈന്യം നടത്തുന്നത്. എന്നാൽ, ജനം പൊലീസിനും സൈനികർക്കുമെതിരെ കല്ലേറു നടത്തിയത് തെരച്ചിലിന് തടസ്സം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.
വടക്കൻ കശ്മീരിലെ സോപോർ നഗരത്തിൽ വിദ്യാർഥികൾ സുരക്ഷ സേനയുമായി ഏറ്റുമുട്ടി. സഹപാഠികളുടെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്. കല്ലേറ് നടത്തിയ വിദ്യാർഥികളെ കണ്ണീർവാതകവും ലാത്തിയും പ്രയോഗിച്ചാണ് പിരിച്ചയച്ചയച്ചതെന്ന് പൊലീസ് പറഞ്ഞു. 10 പേർക്ക് പരിക്കേറ്റു. പഞ്ചാബിലെ ഫിറോസ്പുർ ബെരിയാറിൽ അതിർത്തി കടക്കാൻ ശ്രമിച്ച പാകിസ്താൻ പൗരനായ 12കാരനെ ബി.എസ്.എഫ് അറസ്റ്റ് െചയ്തു. ബധിരനും മൂകനുമായ ഇൗ ബാലനെ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.