സൂമിന് വിട നൽകി സൈന്യം -VIDEO

ശ്രീനഗർ: തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരിക്കേറ്റ് വീരമൃത്യു വരിച്ച ആർമി ഡോഗ് സൂമിന് അന്ത്യോപചാരങ്ങളോടെ വിട നൽകി സൈന്യം. ശ്രീനഗറിലെ ബദാമി ബാഗ് കന്‍റോൺമെന്‍റിലെ ചിനാർ യുദ്ധസ്മാരകത്തിൽ നടന്ന ചടങ്ങിൽ ചിനാർ കോർപ്സ് കമാൻഡർ ലെഫ്. ജനറൽ എ.ഡി.എസ് ഔജ്ലയും മറ്റ് റാങ്കുകളിലെ സൈനികോദ്യോഗസ്ഥരും പങ്കെടുത്തു.

ഒക്ടോബർ ഒമ്പതിന് അനന്ത്നാഗ് ജില്ലയിലെ താങ്പാവയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയാണ് സൂമിന് വെടിയേറ്റത്. ഗുരുതരാവസ്ഥയിൽ ആർമി വെറ്ററിനറി ആശുപത്രിയിൽ കഴിഞ്ഞ സൂമിന്‍റെ അന്ത്യം ഇന്നലെയായിരുന്നു.


അനന്ത്നാഗിൽ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ നിർണായക പങ്കുവഹിച്ചാണ് സൂം വിടവാങ്ങിയതെന്ന് സൈന്യം അറിയിച്ചു. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നു സംശയിച്ച വീട്ടിലേക്ക് പ്രത്യേക പരിശീലനം ലഭിച്ച സൂമിനെ അയക്കുകയായിരുന്നു. ഇതിനിടെ, ഭീകരർ സൂമിനുനേരെ രണ്ടു തവണ നിറയൊഴിച്ചു. വെടിയേറ്റിട്ടും വീഴാതെ ഭീകരരെ കീഴ്‍പ്പെടുത്താൻ സൂം ശ്രമം നടത്തി. ഒടുവിൽ ഇരുഭീകരരെയും സുരക്ഷാ സേന വധിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ സൂമിനു പുറമേ രണ്ട് സൈനികർക്കും പരിക്കേറ്റിരുന്നു.


കശ്മീരിലെ വിവിധ ഓപ്പറേഷനുകളിൽ സൈന്യത്തിനൊപ്പം സൂമും പങ്കെടുത്തിട്ടുണ്ട്. രണ്ടര വയസ് പ്രായമുള്ള സൂം കഴിഞ്ഞ 10 മാസമായി കരസേനയുടെ അസോൾട്ട് വിഭാഗമായ കോർപ്പ്സ് 15 ന് ഒപ്പമുണ്ടായിരുന്നു. 

Tags:    
News Summary - Army's Tribute To Military Dog 'Zoom', Who Died Fighting Terrorists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.