ന്യൂഡൽഹി: നാലു മാസത്തിനകം തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങേണ്ട പഞ്ചാബിൽ നേരം വൈകിയ നേരത്ത് നടത്തിയ തലമാറ്റം കോൺഗ്രസിനെ രക്ഷിക്കുമോ? അമരീന്ദർ സിങ്ങിെൻറ മുഖ്യമന്ത്രിസ്ഥാനം തെറിച്ചതിനൊപ്പം, കോൺഗ്രസിൽ ആശങ്ക പുകയുന്നു. സ്ഥാനം തെറിക്കാൻ മതിയായ കാരണങ്ങൾ അമരീന്ദർ ഉണ്ടാക്കി വെച്ചിരുന്നു. നവജോത്സിങ് സിദ്ദുവിെൻറ നേതൃത്വത്തിൽ കോൺഗ്രസിലെ മറ്റു പ്രതിയോഗികൾ ക്യാപ്റ്റന് ഏൽപിച്ച മാരക പരിക്കുകൾ പുറമെ. രണ്ടിനുമിടയിൽ അമരീന്ദറുമായി മുന്നോട്ടു പോകാൻ വയ്യ, അദ്ദേഹത്തെ മാറ്റാതെയും വയ്യ എന്ന ഊരാക്കുടുക്കിലാണ് കോൺഗ്രസ് എത്തിപ്പെട്ടത്.
ജയം ആവർത്തിക്കാമെന്നു കരുതിയ സംസ്ഥാനത്താണ് കോൺഗ്രസിെൻറ ഈ ദുര്യോഗം. പുതിയ മന്ത്രിസഭക്ക് പ്രതിഛായ മെച്ചപ്പെടുത്തി ജനങ്ങളെ സമീപിക്കാൻ വളരെ കുറഞ്ഞ സമയം മാത്രമാണുള്ളത്. മുഖ്യമന്ത്രിയും പി.സി.സി പ്രസിഡൻറായ നവജോത് സിങ് സിദ്ദുവുമായുള്ള പോരു മൂലം പാർട്ടി കലങ്ങി നിൽക്കുന്നു. അപമാനിതനായി പുറത്താകുന്ന അമരീന്ദറിെൻറ പ്രതികാരം പ്രതീക്ഷിക്കുകയും വേണം. പുതിയ നേതൃത്വത്തിന് കാര്യങ്ങൾ എളുപ്പമാകില്ല. അപമാനഭാരവുമായി കോൺഗ്രസിൽ തുടരണമോ എന്ന് ചിന്തിക്കുന്ന അമരീന്ദറുടെ അടുത്ത നീക്കം നിർണായകം. തെൻറ മുന്നിൽ സാധ്യതകൾ തുറന്നു കിടക്കുന്നു, അവസരം വരുേമ്പാൾ ഉപയോഗിക്കുമെന്നാണ് രാജിവെച്ചതിനു പിന്നാലെ അമരീന്ദർ പറഞ്ഞത്.
ബി.ജെ.പിയുമായി സഖ്യം പിരിഞ്ഞ ശിരോമണി അകാലിദൾ വിശ്വാസ്യതയും സ്വീകാര്യതയും തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു. ആം ആദ്മി പാർട്ടി കടന്നു കയറാനുള്ള തീവ്ര ശ്രമത്തിൽ. ഇതിനിടയിലും കോൺഗ്രസിന് പഞ്ചാബിൽ അധികാരം നിലനിർത്താൻ പ്രയാസമുണ്ടാവില്ലെന്ന വിലയിരുത്തലാണ് പൊതുവെ ഉണ്ടായിരുന്നത്. എന്നാൽ പഞ്ചാബിലും പാർട്ടിക്കുള്ളിലും അടിയൊഴുക്ക് മറ്റൊന്നായിരുന്നു. അതിനൊടുവിലാണ് തലമാറ്റം. പി.സി.സി പ്രസിഡൻറും മുഖ്യമന്ത്രിയും നിരന്തരം പരസ്യമായി ഏറ്റുമുട്ടുന്നതായിരുന്നു പഞ്ചാബിലെ കാഴ്ച. അതിനൊടുവിൽ മുഖ്യമന്ത്രിയെ തള്ളിപ്പറഞ്ഞത് കോൺഗ്രസിലെ 80 എം.എൽ.എമാരിൽ നാലു മന്ത്രിമാർ അടക്കം 50ലേറെ പേരാണ്. അത് സിദ്ദുവിെൻറ ആക്രമണം സൃഷ്ടിച്ച അനന്തരഫലം മാത്രമല്ല. അമരീന്ദറിെൻറ പഴയ ജനസ്വീകാര്യത ചോർന്നു പോയെന്നാണ് കോൺഗ്രസ് ഹൈകമാൻഡ് നടത്തിയ സർവേയിലും കണ്ടെത്തിയത്. അമരീന്ദറിനെ മുന്നിൽ നിർത്തിയാൽ പാർട്ടി തോൽക്കുമെന്നാണ് ഭൂരിപക്ഷം എം.എൽ.എമാരും പറഞ്ഞത്.
മുഖ്യമന്ത്രി ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും അപ്രാപ്യനായി മാറിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസ് വിട്ട് സ്വന്തം ഫാം ഹൗസിലായിരുന്നു അദ്ദേഹം അധികസമയവും ചെലവിട്ടത്. ഹൈകോടതി ഉത്തരവുണ്ടായിട്ടും ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സുരേഷ്കുമാറിനെ മാറ്റാതെ ഭരണം അദ്ദേഹത്തെ ഏൽപിച്ചു. ഉദ്യോഗസ്ഥ ഭരണമാണ് നടന്നു പോന്നത്. കാർഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കർഷകർെക്കതിരെ അമരീന്ദർ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പ്രസ്താവനയും തിരിച്ചടിച്ചു. പഞ്ചാബിൽ വഴി മുടക്കാതെ ഡൽഹിയിൽ പോയി സമരം ചെയ്യാനായിരുന്നു പ്രസംഗം.
ഒരു കാലത്ത് അമരീന്ദറിനു മുന്നിൽ തൊഴുതു നിൽക്കേണ്ടി വന്ന ഹൈകമാൻഡ്, അവസരം നോക്കി തലമുറമാറ്റം നിശ്ചയിച്ചു. എല്ലാറ്റിനുമൊടുവിൽ എം.എൽ.എമാർ ഒപ്പമില്ലെന്ന് കണ്ടതോടെ ഹൈകമാൻഡ് നിലപാട് കടുപ്പിച്ചു. കേരളത്തിലും ഛത്തിസ്ഗഢിലുമെന്ന പോലെ അവസാന വാക്കായത് രാഹുൽ ഗാന്ധി. നേതൃത്വത്തിനെതിരായ പരാതിയെ തുടർന്ന് രണ്ടുവട്ടം അമരീന്ദറിന് ഡൽഹിയിൽ വരേണ്ടി വന്നു. ഡൽഹിയിലേക്ക് മുഴുവൻ എം.എൽ.എമാരെയും വിളിച്ച് അഭിപ്രായം തേടി. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിയമസഭ കക്ഷി യോഗം ശനിയാഴ്ച ഏർപ്പാടാക്കിയ ശേഷമാണ് സോണിയ ഗാന്ധി അമരീന്ദറെ വിളിച്ച് രാജിവെക്കാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.