ന്യൂഡൽഹി: പാർട്ടി പ്രവർത്തകർ ഒഴുകിയെത്തിയതോടെ റോഡ് ഷോ വൈകിയതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ് പിക്കാനായില്ല. ചൊവ്വാഴ്ചയാണ് അവസാന തീയതി.
പ്രവർത്തകരുടെ ആധിക്യം കാരണം റോ ഡ് ഷോ തുടങ്ങാൻ തന്നെ രണ്ടു മണിക്കൂർ വൈകി. മൂന്നുമണിയോടെ ജാംനഗർ സബ് ഡിവിഷൻ മജിസ്ട്രേറ്റ് മുമ്പാകെ കെജ്രിവാളിന് എത്താനാകില്ലെന്ന് മനസ്സിലാക്കിയതോടെ പത്രിക സമർപ്പണം ചൊവ്വാഴ്ചയിലേക്കു മാറ്റുകയായിരുന്നു. റോഡ് ഷോ നിർത്തി നാമനിർദേശപത്രിക സമർപ്പിക്കാനും തിരികെയെത്തി പ്രകടനം പൂർത്തിയാക്കാനും പലരും തന്നോട് ആവശ്യപ്പെട്ടിരുന്നുെവന്നും എന്നാൽ, തന്നെ സ്നേഹിക്കുന്നവരെ പാതിവഴിയിൽ വിട്ട് എങ്ങനെയാണ് പോകാനാവുക എന്നും കെജ്രിവാൾ ചോദിച്ചു.
മന്ദിർ മാർഗിലെ വാല്മീകിമന്ദിറിൽ പ്രാർഥനക്കുശേഷമായിരുന്നു തുറന്ന ജീപ്പിലുള്ള പര്യടനം. ആയിരക്കണക്കിനു പാർട്ടി പ്രവർത്തകരുടെ അകമ്പടിയോടെ കൊണാട്ട് പ്ലേസ്, ബാബാ ഖടക് സിങ് മാർഗ് എന്നിവിടങ്ങളിലൂടെ പട്ടേൽ ചൗക്ക് മെട്രോ സ്റ്റേഷനു സമീപമെത്തിയാണ് ഷോ സമാപിച്ചത്. അതേസമയം, ചൊവ്വാഴ്ച പത്രിക സമർപ്പണം അവസാനിക്കാനിരിക്കെ തിങ്കളാഴ്ച രാത്രി വൈകിയും ബി.ജെ.പിയും കോൺഗ്രസും കെജ്രിവാളിനെതിരെ ആരു മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി 12ഉം കോൺഗ്രസ് 16ഉം സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.