ന്യൂഡൽഹി: ഹൈദരാബാദിൽ ബലാത്സംഗ പ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. പൊലീസ് നടപടി ജനങ്ങളില്‍ ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടപ്പെട്ടതിനാലാണ് ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകത്തിൽ ജനങ്ങൾ സന്തോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കാറും അന്വേഷണ ഏജൻസികളും നീതിന്യായ വ്യവസ്ഥയിൽ ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിന് വേണ്ട വഴികളെ കുറിച്ച് ആലോചിക്കണമെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.
നിയമത്തിന്‍റെ വഴിയിലാണ് പ്രതികളെ തൂക്കിലേറ്റേണ്ടതെന്ന് മനേക ഗാന്ധി എം.പിയും പ്രതികരിച്ചു. പ്രതികള്‍ക്ക് കഠിന ശിക്ഷ ലഭിക്കേണ്ടതാണ്. എന്നാല്‍ അത് നിയമവഴിയിലൂടെയാകണമായിരുന്നുവെന്നും അവർ പറഞ്ഞു.
അതേസമയം, ലോക്സഭയിൽ സംഭവത്തിൽ ചൂടേറിയ ചർച്ചയാണ് നടന്നത്. സ്ത്രീകൾക്കെതിരായ അക്രമ കേസുകൾ നേരിട്ട് സുപ്രീംകോടതിയിലെത്തുന്ന തരത്തിൽ നിയമനിർമാണം നടത്തണമെന്ന് ശിവസേന എം.പി അരവിന്ദ് സാവന്ദ് ആവശ്യപ്പെട്ടു. പൊലീസിന് തോക്ക് നൽകിയത് വെറുതെ കൈയിൽ വെച്ചു നടക്കാനല്ലെന്നായിരുന്നു ബി.ജെ.പി നേതാവ് മീനാക്ഷി ലേഖിയുടെ പ്രതികരണം. എന്നാൽ പൊലീസിന്‍റെ നടപടി ന്യായീകരിക്കാനാകില്ലെന്നാണ് വൈ.എസ്.ആർ നേതാവ് കാണുമുരു രാഘു രാമകൃഷ്ണ രാജു എം.പി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.