മുംബൈ: നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെത് മാത്രമല്ല, സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കൊലകേസിൽ പ്രത്യേക ജഡ്ജിയായിരുന്ന ബി.എച്ച് ലോയയുടെയും ബി.ജെ.പി നേതാവ് ഗോപിനാഥ് മുണ്ടെയുടെയും മരണങ്ങളും സി.ബി.ഐ അന്വേഷിക്കണമെന്ന് ശിവസേന. ബിഹാർ സർക്കാറിന്‍റെ ശുപാർശയിൽ കേന്ദ്രം സുശാന്ത് സിങ് കേസ് സിബി.ഐക്ക് കൈമാറിയതിനോട് പ്രതികരിക്കവെ മുതിർന്ന ശിവസേന നേതാവായ മുൻ കേന്ദ്ര മന്ത്രിഅരവിന്ദ് സാവന്താണ് ആവശ്യമുന്നയിച്ചത്.
ഈ മരണങ്ങങ്ങൾക്കു പിന്നിലെയും സത്യം പുറത്തുവരട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ആരെങ്കിലും വിളിച്ചുപറയുന്ന മുറക്ക് കേസുകൾ സി.ബി.ഐക്ക് വിടുന്നത് ഭരണഘടനയോടുള്ള അവഗണനയാണ്. കേസ് കൈമാറുന്നതിൽ ഫെഡറൽ സംവിധാനത്തിൽ കൃത്യമായ ചട്ടങ്ങളുണ്ട്. മുംബൈ പൊലിസ് കേസ് അന്വേഷിക്കുന്നതിനിടെയുള്ള കേന്ദ്ര നടപടി അവരെ അപമാനിക്കുന്നതിന് സമമാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സുശാന്ത് സിങ് കേസുമായി മറ്റ് രണ്ട് മരണങ്ങൾക്കും ബന്ധമില്ലെന്നും ശിവസേനയുടെ ആശയകുഴപ്പമാണ് പ്രകടമാകുന്നെതനനും ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൽ പ്രതികരിച്ചു. 2014 ൽ മോദി സർക്കാറിൽ മന്ത്രിയായിരിക്കെ ഡൽഹിയിൽ വാഹനാപകടത്തിലാണ് ഗോപിനാഥ് മുണ്ടെ മരിച്ചത്. വോട്ട് യന്ത്രത്തിലെ തട്ടിപ്പ് തിരിച്ചറിഞ്ഞ മുണ്ടെയെ കൊലപെടുത്തിയതാണെന്ന് ആരോപണമുയർന്നിരുന്നു.
സൊഹ്റാബുദ്ദീൻ കേസിൽ ജഡ്ജിയായിരിക്കെ നാഗ്പുരിൽ സഹപ്രവർത്തകയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ചെന്ന ജഡ്ജി ലോയ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് അവകാശവാദം. എന്നാൽ, ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.