ആര്യൻ ഖാൻ കേസ് അന്വേഷണ ചുമതലയിൽ നിന്ന് സമീർ വാങ്കഡെയെ നീക്കി

മുംബൈ: ആര്യൻ ഖാൻ പ്രതിയായ ആഡംബരക്കപ്പൽ മയക്കുമരുന്ന് കേസ് അന്വേഷണ ചുമതലയിൽ നിന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെയെ നീക്കി. കേസുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. എന്നാൽ, മുംബൈ സോണൽ ഓഫിസറായി വാങ്കഡെ തുടരും. ആര്യൻ ഖാന്‍റേത് ഉൾപ്പെടെ ആറ് കേസുകൾ എൻ.സി.ബി മുംബൈ സോണിൽ നിന്നും ഡൽഹിയിലെ സെൻട്രൽ സോണിലേക്ക് മാറ്റുകയാണ് ചെയ്തത്. പുതിയ അന്വേഷണ സംഘത്തിൽ സമീർ വാങ്കഡെ ഇല്ല. എൻ.സി.ബി ഓഫിസർ സഞ്ജയ് സിങ്ങിനാണ് അന്വേഷണ ചുമതല. ആറ് കേസുകളിൽ മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കിന്‍റെ മരുമകൻ സമീർ ഖാൻ പ്രതിയായ കേസും ഉൾപ്പെടും. 

ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എട്ട് കോടി രൂപ സമീർ വാങ്കഡെ കൈപ്പറ്റിയെന്നും കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ആരോപിച്ചിരുന്നു. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ഉൾപ്പെടെയുള്ളവരും സമീർ വാങ്കഡെക്കെതിരെ നിരന്തരം ആരോപണമുന്നയിച്ചിരുന്നു. ആരോപണങ്ങളെ തുടർന്നാണ് അന്വേഷണ ചുമതലയിൽ നിന്ന് നീക്കിയത്. 

പണം വാങ്ങിയെന്ന ആരോപണം സമീർ വാങ്കഡെ നിഷേധിച്ചിരുന്നു. എന്നാൽ, ആരോപണത്തിൽ വാങ്കഡെക്കെതിരെ എൻ.സി.ബി വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 

കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്നാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ അടക്കം ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു ഇയാളുടെ ആരോപണം. കേസിലെ സാക്ഷിയും മറ്റൊരു വഞ്ചന കേസിലെ പ്രതിയുമായ കെ.പി. ഗോസാവിയും സാം ഡിസൂസ എന്നയാളുമായി 18 കോടിയുടെ 'ഡീല്‍' ചര്‍ച്ച നടന്നു എന്നാണ് പ്രഭാകര്‍ സെയില്‍ വെളിപ്പെടുത്തിയത്. എട്ട് കോടി എന്‍.സി.ബി സോണൽ ഡയറക്ടർ സമീര്‍ വാങ്കഡെയ്ക്ക് നല്‍കാനും ധാരണയായെന്ന് പ്രഭാകര്‍ സെയില്‍ ആരോപിച്ചു. എന്നാൽ, ഈ ആരോപണം സമീര്‍ വാങ്കഡെ നിഷേധിച്ചിരുന്നു. 

തന്നെ സാക്ഷിയാക്കുകയായിരുന്നെന്നും റെയ്ഡ് നടന്ന ദിവസം തന്നെക്കൊണ്ട് എൻ.സി.ബി ഉദ്യോഗസ്ഥര്‍ 10 വെള്ള പേപ്പറില്‍ ഒപ്പിടുവിച്ചെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചിരുന്നു. 

ബി.ജെ.പിയുടെ കൈയിലെ പാവയാണ് സമീർ വാങ്കഡെ എന്നായിരുന്നു നവാബ് മാലിക്കിന്‍റെ ആരോപണം. ഇതുൾപ്പെടെ നിരവധി ആരോപണങ്ങളാണ് സമീർ വാങ്കഡെക്കെതിരെ നവാബ് മാലിക്ക് ഉന്നയിച്ചത്. സമീർ വാങ്കഡെ മുസ്ലിമാണെന്നും സംവരണത്തിൽ ജോലി ലഭിക്കാനായി വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കുകയായിരുന്നെന്നും നവാബ് മാലിക് ആരോപിച്ചിരുന്നു. നിരവധി ബോളിവുഡ് താരങ്ങളെ കേസിൽ കുടുക്കുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി വാങ്കഡെ പണംതട്ടിയെന്ന് ആരോപിച്ച മാലിക്, മറ്റൊരു എൻ.സി.ബി ഉദ്യോഗസ്ഥൻ ഇതുസംബന്ധിച്ച് തനിക്ക് എഴുതിയ കത്തും പുറത്തുവിട്ടിരുന്നു.  


Tags:    
News Summary - Aryan Khan Case Officer Sameer Wankhede Removed From Drugs-On-Cruise Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.