സുൽത്താൻപുർ: സമാജ്വാദി - ബഹുജൻ സമാജ് പാർട്ടികളുടെ നേതൃത്വത്തിന്‍റെ വിഡ്ഢിത്തം കാരണമാണ് പ്രധാനമന്ത്രി നേരന്ദ്രമോദി രണ്ടാമതും രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീൻ ഉവൈസി. തെരഞ്ഞെടുപ്പുകളിൽ വോട്ട് വിഭജിക്കുന്നയാളാണ് ഉവൈസിയെന്ന അഖിലേഷ് യാദവിന്‍റെയും മായാവതിയുടെയും പരാമർശത്തിന് പിന്നാലെയാണ് പ്രതികരണം.
ഉത്തർപ്രദേശിലെ നിർണായക തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പുതന്നെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയെന്ന ലക്ഷ്യത്തോടെ നടത്തുന്ന യു.പി പൊതു റാലിയെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു ഉവൈസി.
'അഖിലേഷ് യാദവിന്‍റെയും മായാവതിയുടെയും വിഡ്ഢിത്തം കാരണം മോദി രണ്ടാമതും പ്രധാനമന്ത്രിയായി'- ഉവൈസി പറഞ്ഞു.
സുൽത്താൻപുർ ലോക്സഭ മണ്ഡലത്തിൽ 2019ൽ എ.ഐ.എം.ഐ.എം സ്ഥാനാർഥിയെ നിർത്താതിരുന്നിട്ടും ബി.ജെ.പി എന്തുകൊണ്ടാണ് ഇവിടെ ജയിച്ചതെന്നും ഉവൈസി ചോദിച്ചു. മുസ്ലിംകൾ നിങ്ങളുടെ അടിമകളാണോ എന്നായിരുന്നു അഖിലേഷ് യാദവിനോടുള്ള ഉവൈസിയുടെ ചോദ്യം.
യു.പി നിയമസഭ തെരഞ്ഞെടുപ്പ് അടുത്തതോടെ സമാജ്വാദി പാർട്ടി, ബഹുജൻ സമാജ് പാർട്ടി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികൾ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിനെ ഒറ്റക്ക് നേരിടുമെന്നാണ് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതിയുടെ നിലപാട്. ചെറുപാർട്ടികളെ ഒപ്പം കൂട്ടി തെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് അഖിേലഷ് യാദവിന്‍റെ സമാജ്വാദി പാർട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.