മോദി സർക്കാർ ഫാഷിസ്റ്റാണോ നവ ഫാഷിസ്റ്റാണോയെന്ന കാര്യത്തിൽ കോൺഗ്രസുകാർക്ക് സംശയമൊന്നുമില്ല. അത്തരം ചർച്ചകൾ സി.പി.എം തന്നെയങ്ങ് നടത്തിയാൽ മതിയെന്നാണ് നിലപാട്. മോദിയുടേത് ഫാഷിസ്റ്റ് സർക്കാർ ആണെന്നതിൽ ഒരു അവ്യക്തതയുമില്ലെന്ന് റോജി എം. ജോൺ വിശദീകരിച്ചു. ഫാഷിസത്തെക്കുറിച്ച് ചുക്കും ചുണ്ണാമ്പുമറിയാത്തതുകൊണ്ടാണിതെന്ന് താത്വികനായ കെ.പി. കുഞ്ഞമ്മദ് കുട്ടിക്ക് തോന്നി. ഒരു ജനതയെ അന്ധരും ബധിരരും മൂകരുമായി നിർത്തുന്നതാണ് ഫാഷിസമെന്നാണ് മാസ്റ്ററുടെ വ്യാഖ്യാനം. അത്തരമൊരവസ്ഥ രാജ്യത്ത് വന്നിട്ടില്ല.
സി.പി.എം സമ്മേളന റിപ്പോർട്ടുകളെ കുറിച്ച് പ്രതിപക്ഷനേതാവിന്‍റെ പ്രതികരണം അന്ധൻ ആനയെ കണ്ട പോലെയാണ് സി.എച്ച്. കുഞ്ഞമ്പുവിന് തോന്നിയത്. മൂന്നാംവട്ടവും ഇടത് സർക്കാൻ അധികാരമേറിയാൽ ആത്മഹത്യ ചെയ്യുമെന്ന് പ്രതിപക്ഷനേതാവ് പറയാതിരുന്നാൽ മതി. പ്രതിപക്ഷനേതാവിനെ ഭരണപക്ഷം വിമർശിക്കുന്നത് സന്തോഷമെന്ന് റോജി തിരിച്ചടിച്ചു. നല്ല പ്രതിപക്ഷനേതാവെന്ന് ഭരണകക്ഷി പറഞ്ഞാൽ അതിനേക്കാൾ വലിയ അപമാനം വേറെയുണ്ടോ?.
ജൽജീവൻ പദ്ധതിയിൽ പൊളിച്ച റോഡുകൾ തകർന്നതിലെ പ്രതിഷേധമായിരുന്നു പി. അബ്ദുൽ ഹമീദിന്. റോഡുകളുടെ ദുസ്ഥിതി മൂലം മണ്ഡലത്തിൽ പർദയിട്ട് പോകേണ്ട അവസ്ഥയെത്രെ. ലിന്‍റോ ജോസഫ് അതിൽ കയറിപ്പിടിച്ചു. പർദയിട്ട് നടക്കുന്നത് ആളുകളെ തിരിച്ചറിയാനല്ല, തിരിച്ചറിയാതിരിക്കാനാണ് എന്നാണ് ലീഗുകാർ പറയുന്നത്. ലീഗിന് എന്താണ് പറ്റിയതെന്ന് ലിന്‍റോ ചോദിച്ചു. ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പുകൾ വെട്ടിക്കുറച്ചതിനെ കുറിച്ച പരാതികളായിരുന്നു ചർച്ചയിൽ ഉയർന്നത്. വെട്ടിക്കുറവ് തുടരുന്നുവെങ്കിൽ മദർെതരേസ, ഡോ. മുണ്ടശേരി, എ.പി.ജെ. അബ്ദുൽ കലാം എന്നിവരെ അപമാനിക്കാതെ സ്കോളർഷിപ്പിന്റെ പേര് മാറ്റണമെന്നായി പ്രതിപക്ഷം.
മുഖ്യമന്ത്രി കേന്ദ്ര ധനമന്ത്രിയെ കണ്ടത് രാഷ്ട്രീയ അന്തർധാരയുടെ തുടക്കമാണോയെന്ന് ഷംസുദ്ദീൻ സംശയിക്കുന്നുണ്ട്. സിദ്ധരാമയ്യയും രേവന്ദ് റെഡ്ഡിയുമൊക്കെ ഇത്തരം കൂടിക്കാഴ്ച നടത്തിയപ്പോൾ എന്തിനെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുമ്പ് പൂരം കലക്കിയതും ജയരാജന്‍റെ വീട്ടിൽ ജാവ്ദേക്കർ വന്നതും തൃശൂരുമൊക്കെ ചേർത്താണ് ഷംസുദ്ദീന്‍റെ സംശയം.
സമകാലികരായി നിയമസഭയിൽ എത്തിയവരാണ് കോവൂർ കുഞ്ഞുമോനും എ.പി. അനിൽകുമാറും. അനിൽകുമാർ പട്ടിക വിഭാഗ വകുപ്പ് മികച്ച രീതിയിലാണ് ഭരിച്ചതെന്ന് തുറന്നുപറയാൻ കോവൂർ കുഞ്ഞുമോൻ മടിച്ചില്ല. നല്ലത് ചെയ്താൽ അതിനെ പിന്തുണക്കുക എന്നാണ് കോവൂരിന്‍റെ രീതി. നട്ടാൽ മുളക്കാത്ത നുണകളുടെ ബോംബുകൾ പ്രതിപക്ഷ കസേരകളിൽനിന്ന് ഇടതടവില്ലാതെ വിട്ടിട്ടും പിടിച്ചുനിൽക്കുന്ന നിയമസഭാ മന്ദിരമേ നിനക്ക് വന്ദനമെന്നായി കെ.ഡി. പ്രസേനൻ. ടി.എസ്. ഇലിയഡിന്‍റെ വരികൾ എടുത്ത് പ്രമോദ് നാരായണൻ വാചാലനായപ്പോൾ താൻ ഇലിയഡിലേക്ക് പോകുന്നില്ല, ഗ്രാമങ്ങളിലെ ദുസ്ഥിതിയിലേക്കാണ് പോകുന്നതെന്ന് മറ്റൊരു കേരള കോൺഗ്രസുകാരനായ മോൻസ് ജോസഫ്.
പട്ടിക ജാതിക്ക് മന്ത്രിയില്ലാതായി എന്ന പ്രതിപക്ഷ ആരോപണത്തിൽ കെ. ശാന്തകുമാരിക്ക് ഒരു കുത്തിത്തിരുപ്പ് മണത്തു. വിവേചനമെന്ന ചർച്ച നീക്കത്തിൽ രാഷ്ട്രീയ ദുഷ്ടലാക്കും അവർ കാണുന്നുണ്ട്. നല്ല ഉദ്ദേശത്തിലാണെന്നും രാഷ്ട്രീയ ലാക്കോടെയല്ലെന്നും ഐ.സി. ബാലകൃഷ്ണൻ. പുതിയ സഖ്യമുണ്ടാക്കി സർക്കാറിനെ അട്ടിമറിക്കാനാണ് ശ്രമമെന്നും വിജയിക്കില്ലെന്നും മുരളി പെരുനെല്ലി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.