അതീഖ് അഹ്മദിന്‍റെ ഭാര്യാ സഹോദരൻ ഡോ. അഖ് ലാഖ് അഹ്മദിനെ സർക്കാർ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു

ലഖ്നോ: ഉത്തർപ്രദേശിൽ പൊലീസ് സംരക്ഷണ വലയത്തിൽ കൊല്ലപ്പെട്ട മുൻ എം.പി അതീഖ് അഹ്മദിന്‍റെ ഭാര്യാ സഹോദരൻ, സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അഖ് ലാഖ് അഹ്മദിനെ പിരിച്ചുവിട്ടു. ഇന്നലെയാണ് ഉത്തർ പ്രദേശ് ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി‍യത്. മീററ്റിലെ ഭവൻപൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ശിശുരോഗ വിദഗ്ധനായിരുന്ന അഖ് ലാഖിനെ നേരത്തെ തന്നെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

ഉമേഷ്പാൽ വധക്കേസിലെ പ്രതികൾക്ക് അഭയം നൽകി എന്ന് ആരോപിച്ച് അദ്ദേഹത്തെ ഈ മാസം ഒന്നിന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഖ് ലാഖ് പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയതായും പൊലീസ് ആരോപിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് രാജുപാൽ വധക്കേസിലെ പ്രധാന സാക്ഷിയായ ഉമേഷ്പാലും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരും വെടിയേറ്റ് മരിച്ചത്. തുടർന്ന് അദ്ദേഹത്തിന്‍റെ ഭാര്യയുടെ പരാതിയിൽ അതീഖ് അഹ്മദും ഭാര്യയും ഉൾപ്പെടെ 10 പേർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കേസിൽ പ്രതിയെന്ന് ആരോപിക്കപ്പെടുന്ന അതീഖ് അഹ്മദ് അടക്കം ആറുപേർ ഇതിനകം കൊല്ലപ്പെട്ടു. അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും പൊലീസ് ആരോഗ്യപരിശോധനക്ക് കൊണ്ടു പോവുന്നതിനിടെ മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയവർ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. അതീഖിന്‍റെ മകൻ അടക്കം മറ്റ് നാലു പേർ ഏറ്റുമുട്ടലിൽ മരിച്ചു എന്നാണ് യു.പി പൊലീസിന്‍റെ അവകാശവാദം. 

Tags:    
News Summary - Atiq Ahmad's brother-in-law suspended as govt doctor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.