ശനിയാഴ്ച രാവിലെയാണ് പ്രയാഗ് രാജിലെ കസാരി മസാരിയിൽ അസദിന്റെ മൃതദേഹം എത്തിച്ചത്. കസാരി മസാരിയിൽ പിതാമഹൻമാരുടെ സാന്നിധ്യത്തിൽ അതീഖിന്റെ പിതാവ് ഫിറോസ് അഹ്മദിന്റെ ഖബറിനരികിലാണ് അസദിനെയും അടക്കിയത്. അതീഖിന്റെ സഹോദരി ശഹീൻ ബീഗമടക്കമുള്ള അടുത്ത കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.
ഉമേഷ് പാൽ വധക്കേസ് പ്രതിയായിരുന്നു 19കാരനായ അസദ്. ഇതേ കേസിൽ റിമാൻഡിലാണ് അതീഖ് അഹ്മദ്. അസദിനൊപ്പം അതീഖിന്‍റെ സഹായി ഗുലാം ഹസനെയും പൊലീസ് വധിച്ചിരുന്നു. വ്യാഴാഴ്ച ഝാൻസിയിൽ യു.പി പ്രത്യേക ദൗത്യ സംഘവുമായുള്ള (എസ്.ടി.എഫ്) ഏറ്റുമുട്ടലിലാണ് ഇരുവരും കൊല്ലപ്പെട്ടത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്നാണ് എസ്.പിയും ബി.എസ്.പിയും ആരോപിക്കുന്നത്.
കസാരി മസാരിയിലേക്കുള്ള പ്രവേശനത്തിനും നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ചാകിയയിൽ ബാരിക്കേഡും ഏർപ്പെടുത്തി. നിരീക്ഷണത്തിനായി ഡ്രോണുകളിലാണ് ഉദ്യോഗസ്ഥർ ശ്മശാനത്തിനു ചുറ്റും തമ്പടിച്ചത്. ദൃശ്യങ്ങൾ സുരക്ഷ ഉദ്യോഗസ്ഥർ തൽസമയം വിഡിയോ റെക്കോർഡ് ചെയ്യുന്നുമുണ്ടായിരുന്നു. ചടങ്ങുകളെല്ലാം വീട്ടിൽ നിന്ന് പൂർത്തിയാക്കിയാണ് മൃതദേഹം ഇവിടേക്ക് കൊണ്ടുവന്നത്.
പ്രയാഗ് രാജ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ആതിഖ് അഹ്മദിനെ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ദിവസം തന്നെയാണ് മകൻ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കോടതിയിൽവെച്ചാണ് ആതിഖ് മകൻ കൊല്ലപ്പെട്ടത് അറിയുന്നത്. താൻ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് റിമാൻഡിലുള്ള ആതിഖ് അഹ്മദ് നേരത്തേ കോടതിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതീഖിനെതിരേ ഒരു മാസത്തിനിടെ 100ൽ അധികം കേസുകളാണ് യു.പി പൊലീസ് രജിസ്റ്റർ ചെയ്തത്. അതീഖിന്‍റെ മൂന്നാമത്തെ മകനാണ് അസദ്. അതീഖിന്‍റെ മൂത്തമകൻ ഉമർ ലഖ്നൊ ജയിലിലാണ്. രണ്ടാമത്തെ മകൻ അലി നൈനി സെൻട്രൽ ജിയിലിലും ഇളയകുട്ടികളായ അഹ്ജമും അബാനും പ്രയാഗ് രാജിലെ ജുവനൈൽ ഹോമിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.