ആദിലാബാദ് മണ്ഡലത്തിലെ ആദ്യ ആദിവാസി വനിതാ സ്ഥാനാർഥിയാണ് അത്രം സുഗുണ. ഗോത്രവിഭാഗത്തിൽനിന്ന് ചെറുപ്പം മുതൽ പൊരുതി വളർന്നുവന്ന മനുഷ്യാവകാശ പ്രവർത്തക. ജീവിത സാഹചര്യങ്ങളാൽ പഠനംപോലും ഉപേക്ഷിച്ചിരുന്നിടത്തുനിന്ന് പഠനവും ജീവിതവും തിരികെ പിടിച്ച് അധ്യാപികയായി മാറിയ വനിത. ഒടുവിൽ ആദിവാസികളുടെ അവകാശത്തിനായി പൂർണസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി അത്രം സുഗുണ മത്സരരംഗത്തേക്കെത്തുമ്പോൾ അത് ഒരു പോരാളിയുടെ ജീവിതരേഖയാവുന്നു.
ആസിഫാബാദ് സിർപൂർ പുല്ലറ കോളനിയിലെ ഗോണ്ട് സമുദായക്കാരിയായ അത്രം സുഗുണ ചെറുപ്പം മുതൽ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമായിരുന്നു. കുട്ടിക്കാലത്തേ അച്ഛൻ മരിച്ചു. കൂലിപ്പണിക്കാരിയായ അമ്മയുടെ തണലിലാണ് വളർന്നത്. സ്കൂളിലേക്ക് അരുവി കടന്ന് മൂന്നുകിലോമീറ്റർ പോകേണ്ടതിനാൽ സ്കൂളിന് പകരം പലപ്പോഴും അമ്മക്കൊപ്പം വയലിലേക്കാണ് പോയത്.
അധ്യാപകനായ അത്രം ഭുജംഗ റാവുവിനെ 13ാം വയസ്സിൽ കല്യാണം കഴിച്ചതോടെ ജീവിത ഗതിമാറി. അദ്ദേഹം പഠിക്കാൻ പ്രേരിപ്പിച്ചു. സുഗുണ പഠിച്ച് മെട്രിക്കുലേഷൻ പാസായി. വെങ്കടേശ്വര യൂനിവേഴ്സിറ്റിയിൽനിന്ന് എം.എയും ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എഡും പൂർത്തിയാക്കി 2008ൽ ഉത്നൂർ ജില്ല പരിഷത്ത് ഹൈസ്കൂളിൽ അധ്യാപികയായി.
ഒഴിവുദിവസങ്ങളിൽ ഗ്രാമങ്ങളിൽചെന്ന് അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും അതിലിടപെടുകയും ചെയ്യുന്ന സുഗുണ ജനകീയ നേതാവായി വളർന്നു. കുറച്ചുകാലം സി.പി.ഐ (എം.എൽ) ജനശക്തി ഗ്രൂപ്പിന്റെ ഭാഗമായിരുന്നു. മനുഷ്യാവകാശ പ്രവർത്തകൻ കെ. ബാലഗോപാലിനൊപ്പം അദ്ദേഹത്തിന്റെ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിൽ (എച്ച്.ആർ.എഫ്) പ്രവർത്തിച്ചതിന്റെ അനുഭവ കരുത്തുണ്ട് അത്രം സുഗുണക്ക്.
എച്ച്.ആർ.എഫിന്റെ ജില്ല സെക്രട്ടറിയായിരുന്നു. 2017ൽ ഉതനൂർ ആദിവാസി സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ മോഷണം, കവർച്ച, കൊലപാതകശ്രമം, ക്രിമിനൽ ഗൂഢാലോചന തുടങ്ങി 51 കേസുകളാണ് സുഗുണക്കെതിരെ തെലങ്കാന പൊലീസ് ചാർജ് ചെയ്തത്.
കർഷക ആത്മഹത്യകൾ, ആദിവാസി പ്രശ്നങ്ങൾ, ആദിവാസികൾക്കിടയിലെ ശിശുമരണങ്ങൾ തുടങ്ങിയ വിഷയങ്ങളാണ് അവർ നിരന്തരം കൈകാര്യം ചെയ്തിരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പെ അധ്യാപക ജോലി രാജിവെച്ച് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തനത്തിലേക്കിറങ്ങിയ സുഗുണക്ക് ജനങ്ങൾക്കിടയിൽ പ്രവർത്തിച്ചു വളർന്ന നേതാവെന്ന മുൻതൂക്കമുണ്ട്. കർഷക സംഘടനകളും പൗരാവകാശ കൂട്ടായ്മകളും അവരുടെ ജയത്തിനായി പ്രവർത്തിക്കുന്നു.
മുൻ കേന്ദ്രമന്ത്രി വേണുഗോപാലാചാരി മണ്ഡലത്തിൽ സുഗുണക്കൊപ്പം പ്രചാരണവേദികളിൽ സജീവമാണ്. ജയിച്ചാൽ ആദിലാബാദിൽ ആദിവാസി സർവകലാശാല കൊണ്ടുവരുമെന്ന് അവർ വാക്കുനൽകുന്നു. ഓരോ ഊരുകളും സ്നേഹവായ്പോടെ അവരെ വരവേൽക്കുന്നു. സുഗുണയുടെ ജനകീയത വോട്ടിൽ പ്രതിഫലിച്ചാൽ മേഖലയിൽ കോൺഗ്രസിനത് ബലമേകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.