ക്രൈസ്തവർക്കുനേരെ ആക്രമണം: എട്ടു സംസ്ഥാനങ്ങളോട് റിപ്പോർട്ട് തേടണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ക്രൈസ്തവ സ്ഥാപനങ്ങൾക്കുനേരെയുള്ള അതിക്രമങ്ങൾ മുൻനിർത്തി ബന്ധപ്പെട്ട എട്ടു സംസ്ഥാനങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെടാൻ ആഭ്യന്തര മന്ത്രാലയത്തിന് സുപ്രീംകോടതി നിർദേശം. യു.പി, മധ്യപ്രദേശ്, ബിഹാർ, ഹരിയാന, കർണാടക, ഒഡിഷ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് റിപ്പോർട്ട് നൽകേണ്ടത്.

വിഷയം മുൻനിർത്തിയുള്ള പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഹിമ കോഹ്ലി എന്നിവർ.

നാഷനൽ സോളിഡാരിറ്റി ഫോറത്തിനുവേണ്ടി ഫാ.ഡോ. പീറ്റർ മച്ചദോ, ഇവാഞ്ചലിക്കൽ ഫെലോഷിപ് ഓഫ് ഇന്ത്യക്കുവേണ്ടി ഫാ. വിജയേഷ് ലാൽ തുടങ്ങിയവരാണ് പൊതുതാൽപര്യ ഹരജി നൽകിയത്. ഹരജിയിൽ പറയുന്ന സംഭവങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ, അന്വേഷണത്തിന്‍റെ ഇപ്പോഴത്തെ സ്ഥിതി, ഇതിനകം നടന്ന അറസ്റ്റ്, കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ചീഫ് സെക്രട്ടറിമാർ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു. വ്യക്തികൾക്കുനേരെയുള്ള ആക്രമണം ക്രൈസ്തവ സമൂഹത്തിന് നേരെയുള്ളതാണെന്നു പറയാനാവില്ല. അത് പരിശോധിക്കപ്പെടണമെന്ന് കോടതി നിരീക്ഷിച്ചു. ഹരജിയിൽ പറയുന്ന സംഭവങ്ങൾ തെറ്റാണെന്നും ഒരു വെബ്സൈറ്റിൽ സ്വന്തം താൽപര്യാർഥം പ്രസിദ്ധപ്പെടുത്തിയതാണെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഇതെല്ലാം മുൻനിർത്തി കോടതി ഉത്തരവിറക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    
News Summary - Attack on Christians: Supreme Court seeks report from eight states

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.