മുംബൈ: നടൻ സെയ്ഫ് അലിഖാനെ വസതിയിൽ നുഴഞ്ഞുകയറി ആക്രമിച്ച കേസിൽ അറസ്റ്റിലായ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ശരീഫുൽ ഇസ്ലാം എന്ന വിജയ് ദാസിന്റെ വിരലടയാളം സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയതായി പൊലീസ്. നടന്റെ മകൻ ജേഹിന്റെ മുറിയുടെ ശുചിമുറി വഴിയാണ് പ്രതി അപ്പാർട്മെന്റിൽ കടന്നതെന്നും 19 ഇടങ്ങളിൽനിന്ന് വിരലടയാളം കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു.
കവർച്ചയായിരുന്നു പ്രതിയുടെ ലക്ഷ്യം. ഇത് പരാജയപ്പെട്ടതോടെ രക്ഷപ്പെട്ട പ്രതി ബാന്ദ്രയിലെ ബസ്സ്റ്റാൻഡിൽ കിടന്നുറങ്ങിയ ശേഷമാണ് ദാദർ വഴി വർളിയിലേക്ക് പോയതത്രെ. പൊറോട്ടയും വെള്ളവും വാങ്ങിയ പ്രതി യു.പി.ഐ വഴി പണം നൽകിയത് അന്വേഷണത്തെ സഹായിച്ചു. പ്രതിക്ക് തൊഴിൽ നൽകിയിരുന്ന ലേബർ കരാറുകാരനെ കണ്ടെത്തിയതോടെ മൊബൈൽ നമ്പറും ലഭിച്ചു.
ആക്രമണത്തിനുശേഷം പ്രതി നിരന്തരം വസ്ത്രംമാറിയെങ്കിലും പിറകിലെ ബാഗ് സി.സി.ടി.വി അന്വേഷണത്തിൽ സഹായകമായെന്നും പൊലീസ് പറഞ്ഞു. ആക്രമണവുമായി ബന്ധപ്പെട്ട വാർത്തകൾ കണ്ട് ഭയന്ന പ്രതി താനെ ലേബർ ക്യാമ്പിന് അടുത്തുള്ള കണ്ടൽക്കാട്ടിൽ ഒളിക്കുകയായിരുന്നു. അവിടെനിന്നാണ് ഞായറാഴ്ച പ്രതിയെ പിടികൂടിയത്. ഇയാളെ നടന്റെ അപ്പാർട്മെന്റിലെത്തിച്ച് തെളിവെടുക്കും. കഴുത്തിനും കൈക്കും നട്ടെല്ലിന് സമീപത്തും കുത്തേറ്റ സെയ്ഫ് അലിഖാൻ ലീലാവതി ആശുപത്രിയിൽ സുഖം പ്രാപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.