ന്യൂഡല്‍ഹി: രാജ്യത്ത് ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങളില്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി. ക്രൈസ്തവര്‍ ആക്രമണം നേരിട്ട പരാതികളില്‍ എട്ടു സംസ്ഥാനങ്ങളില്‍ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണ പുരോഗതി, അറസ്റ്റുകള്‍, കുറ്റപത്രം നല്കിയ കേസുകള്‍ തുടങ്ങി വിവരങ്ങള്‍ രണ്ടാഴ്ചക്കുള്ളില്‍ സത്യവാങ്മൂലമായി നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നൽകുകയായിരുന്നു.
ഇതേ വിവരങ്ങള്‍ ശേഖരിച്ച് കഴിഞ്ഞ സെപ്റ്റംബറില്‍തന്നെ നല്കാന് കോടതി നിർദേശം നൽകിയിരുന്നു. ചില സംസ്ഥാനങ്ങള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതുകൊണ്ടാണ് വൈകിയതെന്ന് ബുധനാഴ്ച ഹരജി വീണ്ടും പരിഗണിക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ക്രൈസ്തവ സമൂഹത്തിനെതിരായ അക്രമങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കു നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ബാംഗ്ലൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. പീറ്റര്‍ മക്കാഡോ, നാഷനല്‍ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കല്‍ ഫെലോഷിപ് ഓഫ് ഇന്ത്യയുടെ വിജയേഷ് ലാല്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് ഏപ്രില്‍ 14ന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.