​എൻ.എസ്.യു.ഐ നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമം; ബി.ജെ.പി എം.എൽ.എയുടെ മകനെതിരെ കേസ്

ഗാന്ധി​ന​ഗർ: നാഷനൽ സ്റ്റുഡൻ്റ്സ് യൂനിയൻ ഓഫ് ഇന്ത്യ (എൻ.എസ്.യു.ഐ) നേതാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ബി.ജെ.പി എം.എൽ.എയുടെ മകനെതിരെ കേസ്. ബി.ജെ.പിയുടെ ​ഗുജറാത്തിലെ ​ഗോണ്ടാൽ മണ്ഡലത്തിലെ എം.എൽ.എയായ ​ഗീതാബ ജഡേജയുടെ മകൻ ​ഗണേഷ് ജ‍ഡേജക്കെതിരെയാണ് കേസ്.

വ്യാഴാഴ്ച രാത്രിയായിരുന്നു കേസിനാസ്പ​ദമായ സംഭവം. കൽവ ചൗക് പ്രദേശത്ത് വെച്ച് ​ഗണേഷ് ജഡേജ ഓടിച്ചിരുന്ന കാർ എൻ.എസ്.യു.ഐ നേതാവ് സഞ്ജയ് സോളങ്കി സഞ്ചരിച്ചിരുന്ന സ്കൂട്ടറിനെ അമിതവേ​ഗത്തിൽ അപകടകരമായ രീതിയിൽ മറികടന്നിരുന്നു. ഇതിന് പിന്നാലെ സോളങ്കി ജഡേജയോട് ശ്രദ്ധിച്ച് വണ്ടിയോടിക്കണമെന്ന് പറഞ്ഞു. ഇതിൽ പ്രകോപിതനായ ജ‍ഡേ‍ജയും സംഘവും ചേർന്ന് വെള്ളിയാഴ്ച രാവിലെ സ്കൂട്ടറിൽ പോകുകയായിരുന്ന സോളങ്കിയെ കാറിടിച്ചു വീഴ്ത്തുകയായിരുന്നു. സ്കൂട്ടറിൽ നിന്നും തെറിച്ചുവീണ സോളങ്കിയെ പ്രതികൾ വടികളും മറ്റും ഉപയോ​ഗിച്ച് മർദിച്ച ശേഷം കാറിൽ കയറ്റി ജഡേജയുടെ വസതിയിലെത്തിച്ചു. ഇവിടെവെച്ച് പ്രതിയുടെ സുഹൃത്തുക്കൾ യുവാവിനെ ക്രൂരമായി മർദിച്ചെന്നും എൻ.എസ്.യു.ഐയിൽ നിന്ന് രാജിവെക്കണമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്. പിന്നാലെ പ്രതികൾ യുവാവിനെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാറിനെ ആന്ധ്രാപ്രദേശിലെ ധർമ്മാവരത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് രാജ് സമ്പത്ത് കുമാർ. റോഡിന് സമീപത്തെ കൃഷിയിടത്തിലാണ് രാജ് സമ്പത്തിന്റെ മൃതദേഹം കണ്ടെത്തിയത്. നഗ്നമായനിലയിൽ കാണപ്പെട്ട മൃതദേഹത്തിൽ ദേഹമാസകലം മുറിവുകളുമുണ്ട്‌. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോ​ഗമിക്കുകയാണ്. 

Tags:    
News Summary - Attempt to kill NSUI leader; Case against BJP MLA's son

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.