ന്യൂഡൽഹി: രാജ്യത്തെ ന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് മുസ്ലിം വിഭാഗത്തെ രണ്ടാംകിട പൗരന്മാരായി ചുരുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പള്ളികൾക്ക് അടിയിൽ ക്ഷേത്രം തിരയുന്നവർ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും ലോക്സഭയിൽ നടന്ന ഭരണഘടന ചർച്ചയിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്.
സർക്കാർ ന്യൂനപക്ഷങ്ങളെ അവഗണിക്കുകയാണ്. അവർക്കെതിരെയുള്ള അതിക്രമങ്ങൾ വർധിച്ചു. അവർ കൊല്ലപ്പെടുന്നു, സ്വത്തുക്കൾ കൊള്ളയടിക്കപ്പെടുന്നു, വീടുകൾ തകർക്കപ്പെടുന്നു, ഭരണകൂടത്തിന്റെ സഹായത്തോടെ ആരാധനാലയങ്ങൾ പിടിച്ചെടുക്കുന്നു. - അഖിലേഷ് ചൂണ്ടിക്കാട്ടി.
യു.പി സർക്കാറിന്റെ നിർദേശപ്രകാരം പൊലീസ് ഉദ്യോഗസ്ഥൻ, വോട്ട് ചെയ്യുന്നതിൽനിന്ന് സ്ത്രീകളെ തടയുകയും റിവോൾവർ കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചിത്രം രാജ്യത്തുടനീളമുള്ള ആളുകൾ കണ്ടിട്ടുണ്ടാകുമെന്ന്, മുസ്ലിം വിഭാഗം തിങ്ങിപ്പാർക്കുന്ന മീരാപൂരിൽ വോട്ട് ചെയ്യാനെത്തിയവരെ തടഞ്ഞത് ചൂണ്ടിക്കാട്ടി അഖിലേഷ് പറഞ്ഞു.ഇന്നത്തെ സാഹചര്യത്തിൽ അഭിപ്രായ സ്വാതന്ത്ര്യം എന്നാൽ രാജ്യദ്രോഹമാണ്.
ബി.ജെ.പിയുടെ അഭിപ്രായത്തോടൊപ്പമല്ലെങ്കിൽ, മറ്റൊരു മതത്തിൽപെട്ട ആളാണെങ്കിൽ നിങ്ങൾ പീഡനത്തിന് ഇരയാക്കപ്പെട്ടേക്കാം.ജനസംഖ്യയുടെ 10 ശതമാനത്തെ മാത്രമാണ് സർക്കാർ ശ്രദ്ധിക്കുന്നത്. 2014നുശേഷം രാജ്യത്ത് അസമത്വം വർധിച്ചു. രാജ്യത്തിന്റെ മൊത്തം ആസ്തിയുടെ മൂന്നിൽ രണ്ടുഭാഗവും ഏതാനും കുടുംബങ്ങൾ കൈവശംവെച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.