ഹൈടെൻഷൻ ലൈനിൽ നിന്ന് പട്ടം എടുക്കാൻ ശ്രമം; വൈ​ദ്യു​താ​ഘാ​ത​മേ​റ്റ്​ 13കാ​ര​ന്​ ദാ​രു​ണ മ​ര​ണം

ബംഗളൂരു: പറത്തുന്നതിനിടെ കുരുങ്ങിപ്പോയ പട്ടം എടുക്കാനായി കെട്ടിടത്തിൽ കയറിയ 13 കാരൻ ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതാഘാതമേറ്റ് മരിച്ചു. വടക്കൻ ബംഗളൂരുവിലെ എച്ച്.എം.ടി ലേഔട്ടിലെ ദാസപ്പ ഗാർഡനിലെ താമസക്കാരിയായ സുൽത്താനയുടെ മകൻ മുഹമ്മദ് അബൂബക്കർ ഖാനാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. അബൂബക്കറും കൂട്ടുകാരനും വിശ്വേശ്വരയ്യ പാർക്കിൽ പട്ടംപറത്തുകയായിരുന്നു. പട്ടം ഹൈടെൻഷൻ വൈദ്യുതി ലൈനിൽ കുരുങ്ങിയതോടെ അതെടുക്കാനായി കുട്ടി അടുത്തുള്ള കെട്ടിടത്തിൽ കയറി വടിയുപയോഗിച്ച് പട്ടം എടുക്കാൻ ശ്രമിക്കവേ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ കുട്ടിയെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.

എന്നാൽ, ചികിത്സക്കിടെ ബുധനാഴ്ച പുലർച്ച 1.30ഓടെ മരിച്ചു. ഉമ്മയുടെ പരാതിയിൽ കർണാടക പവർ ട്രാൻസ്മിഷൻ കോർപറേഷൻ (കെ.പി.ടി.സി.എൽ), വൈദ്യുതി വിതരണ കമ്പനിയായ ബെസ്കോം, ബി.ബി.എം.പി എന്നിവക്കെതിരെ ആർ.ടി നഗർ പൊലീസ് കേസെടുത്തു. മേഖലയിൽ നാലാമത്തെ മരണമാണ് ഇത്തരത്തിൽ നടന്നതെന്ന് പ്രദേശവാസികൾ ആരോപിച്ചു. കെ.പി.ടി.സി.എൽ അധികൃതർ സ്ഥലം സന്ദർശിച്ചു. 1969ലാണ് പ്രദേശത്ത് ഹൈടെൻഷൻ ലൈൻ സ്ഥാപിച്ചത്. അന്ന് പ്രദേശത്ത് വീടുകളുണ്ടായിരുന്നില്ല. വിശ്വേശ്വരയ്യ പാർക്കും ഈയടുത്താണ് വന്നത്.

ലൈനിന്‍റെ ഉയരം വർധിപ്പിക്കൽ അടക്കം സുരക്ഷ പ്രവൃത്തികൾ നടത്താൻ ഏറെ കാലതാമസം വേണ്ടിവരുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, ഇവിടെ സെക്യൂരിറ്റി ജീവനക്കാരനെ നിയോഗിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പാർക്കിൽ വരുന്ന കുട്ടികൾക്കും മറ്റും വൈദ്യുതി ലൈൻ സംബന്ധിച്ച മുന്നറിയിപ്പ് നൽകാൻ ഇതിലൂടെ സാധിക്കും. 

Tags:    
News Summary - Attempt to take kite from high tension line; 13-year-old injured A tragic death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.