മുംബൈ: 11,365ലേറെ വോട്ടുകൾക്കാണ് ഇക്കുറി ബാന്ദ്രയിൽ നിന്ന് ഉദ്ധവ് സേനയിലെ വരുൺ സർദേശായിയോട് ബാബ സിദ്ദീഖിയുടെ മകൻ സീഷാൻ സിദ്ദീഖി പരാജയപ്പെട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സർദേശായിക്ക് 57,708 വോട്ടുകൾ ലഭിച്ചപ്പോൾ, സീഷാന് 46,343 വോട്ടുകളാണ് നേടാൻ സാധിച്ചത്. അജിത് പവാർ വിഭാഗത്തിന്റെ സ്ഥാനാർഥിയായിരുന്നു സീഷാൻ. ആദിത്യ താക്കറെയുടെ അടുത്ത ബന്ധുവാണ് സർദേശായി. പരാജയമേറ്റു വാങ്ങിയതോടെ പിതാവിന്റെ പേര് കളഞ്ഞല്ലോ എന്ന സങ്കടമുണ്ടെന്നും സിദ്ദീഖി പറഞ്ഞു.
''എന്താണ് സംഭവിച്ചത് എന്നറിയില്ല. ചിന്തിക്കാൻ കൂടി സമയം കിട്ടിയില്ല. കഴിഞ്ഞ തവണത്തേതിനേക്കാൾ നന്നായി പ്രവർത്തിച്ചിരുന്നു ഇക്കുറി. എന്നാൽ എന്താണ് സംഭവിച്ചത് എന്ന് വ്യക്തമല്ല. എന്റെ പിതാവിന്റെ പേര് കളഞ്ഞല്ലോ എന്നോർത്ത് സങ്കടമുണ്ട്. ഒന്നരമാസം മുമ്പാണ് എനിക്കെന്റെ പിതാവിനെ നഷ്ടമായത്. ഇപ്പോൾ തെരഞ്ഞെടുപ്പിലും തോറ്റു. ഇരട്ട നഷ്ടമാണ് സംഭവിച്ചത്.''-സീഷാൻ സിദ്ദീഖി മാധ്യമങ്ങളോട് പറഞ്ഞു.
2019ൽ കോൺഗ്രസ് ടിക്കറ്റിലാണ് സീഷാൻ മത്സരിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയതിനു പിന്നാലെയാണ് ബാബ സിദ്ദീഖിയും സീഷാനും എൻ.സി.പിയിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ബാബ സിദ്ദീഖി എൻ.സി.പിയിൽ ചേർന്നെങ്കിലും സീഷാൻ പാർട്ടിമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ല. എന്നാൽ അജിത് പവാറിനൊപ്പം പല വേദികളും പങ്കിട്ടിരുന്നു.
ഒക്ടോബറിലാണ് ബാബ സിദ്ദീഖി വെടിയേറ്റു മരിച്ചത്. ഇക്കുറി പിതാവില്ലാതെയാണ് താൻ വോട്ട് തേടുന്നതെന്ന് സീഷാൻ വോട്ടെടുപ്പിന് മുമ്പ് പറഞ്ഞിരുന്നു.
മഹാരാഷ്ട്രയിൽ മഹായുതി സഖ്യം അധികാരം നിലനിർത്തിയിരിക്കുകയാണ്. 288 അംഗ നിയമസഭയിൽ 230സീറ്റുകളാണ് മഹായുതി സഖ്യം നേടിയത്. 110 ലേറെ സീറ്റുകളുമായി ബി.ജെ.പിയാണ് സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി. ബി.ജെ.പിക്ക് കൂടുതൽ സീറ്റുകൾ ഉള്ളതിനാൽ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമോ എന്നാണ് രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.