ഡൽഹി വഖഫ് ബോർഡ് ചെയർമാൻ അമാനത്തുല്ല ഖാൻ എം.എൽ.എക്ക് ജാമ്യം

ന്യൂഡൽഹി: ആംആദ്മി പാർട്ടി എം.എൽ.എയും ഡൽഹി വഖഫ് ബോർഡ് ചെയർമാനു‌മായ അമാനത്തുല്ല ഖാന് ജാമ്യം. വഖഫ് ബോർഡ് നിയമനത്തിൽ ക്രമക്കേടും അഴിമതിയും ആരോപിച്ച് നടത്തിയ റെയ്ഡിനും ചോദ്യം ചെയ്യലിനും പിന്നാലെ അറസ്റ്റിലായി രണ്ടാഴ്ചക്ക് ശേഷമാണ് ജാമ്യം. ഡൽഹി റൗസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്. എം.എൽ.എക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാഹുൽ മെഹ്റ, ആരോപണങ്ങൾ സത്യമല്ലെന്നും ഒരു ചട്ടവും ലംഘിച്ചിട്ടില്ലെന്നും കോടതിയിൽ ബോധിപ്പിച്ചു.

സെപ്റ്റംബർ 16നായിരുന്നു മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഓഖ്‌ലയിൽ നിന്നുള്ള എം.എൽ.എയായ അമാനത്തുല്ല ഖാനെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ ബ്രാഞ്ച് (എ.സി.ബി) അറസ്റ്റ് ചെയ്തത്. വഖഫ് ബോർഡ് ചെയർമാനായിരിക്കെ സർക്കാർ ചട്ടം ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തെന്നാണ് എ.സി.ബിയുടെ ആരോപണം. വഖഫ് ബോർഡിന്റെ നിരവധി സ്വത്തുക്കൾ അനധികൃതമായി വാടകക്ക് നൽകിയതായും ആരോപണമുയർന്നിരുന്നു.

അമാനത്തുല്ല ഖാന്റെ സഹായിയും ബിസിനസ് പങ്കാളിയുമായ ഹാമിദ് അലിയും അറസ്റ്റിലായിരുന്നു. ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചെന്ന കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹാമിദ് അലിയുടെ വീട്ടിൽ നടന്ന റെയ്ഡിൽ 12 ലക്ഷം രൂപയും തോക്കും പിടിച്ചെടുത്തിരുന്നു. വഖഫ് ബോർഡിൽ ക്രമക്കേട് ആരോപിച്ച് 2020ൽ ഖാനെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

അതേസമയം, എം.എൽ.എയുടെയും സഹായിയുടെയും അറസ്റ്റിന് പിന്നിൽ ​ഗൂഡാലോചനയുണ്ടെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു.

Tags:    
News Summary - Bail to Delhi Waqf Board Chairman Amanatullah Khan MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.