ബജ്‌റംഗ്ദൾ പ്രവർത്തകന്റെ കൊലപാതകം: 8 പേർ അറസ്റ്റിൽ

ബംഗളൂരു: ശിവമോഗയിൽ ബജ്‌റംഗ്ദൾ പ്രവർത്തകനായ ഹർഷയെ കൊലപ്പെടുത്തിയ കേസിൽ എട്ട് പേരെ അറസ്റ്റ് ചെയ്തതായി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. ഇന്നലെ രാത്രി വരെ ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ന് രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രി പറഞ്ഞു. പന്ത്രണ്ട് പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്ത് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഹമ്മദ് കാഷിഫ്, സയ്യിദ് നദീം, അഫ്‌സിഫുള്ള ഖാൻ, റെഹാൻ ഷെരീഫ്, നിഹാൻ, അബ്ദുൾ അഫ്‌നാൻ എന്നിവരാണ് ഇന്നലെ അറസ്റ്റിലായ ആറ് പ്രതികളെന്ന് ശിവമോഗ പോലീസ് സൂപ്രണ്ട് ബി.എം ലക്ഷ്മി പ്രസാദ് പറഞ്ഞു. ഭാരതി നഗറിൽ വച്ച് ‍ഞായറാഴ്ച രാത്രിയാണ് 25 വയസുകാരനായ ഹർഷയെ കാറിലെത്തിയ ഒരു സംഘം ആളുകൾ കുത്തിക്കൊലപ്പെടുത്തിയത്.

ബജ്‌റംഗ്ദൾ പ്രവർത്തകന്‍റെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷസാധ്യത കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കൂടി ശിവമോഗയിൽ നിരോധനാജ്ഞ നീട്ടുന്നതായി ഇന്നലെ അധികൃതർ അറിയിച്ചിരുന്നു. പ്രദേശത്തെ സ്‌കൂളുകൾ രണ്ട് ദിവസത്തേക്ക് കൂടി അടച്ചിടുമെന്നും സാഹചര്യം കണക്കിലെടുത്ത് അടുത്ത നടപടി തീരുമാനിക്കുമെന്നും ശിവമോഗ ജില്ല ഡെപ്യൂട്ടി കമ്മീഷണറായ ഡോ. സെൽവമണി പറഞ്ഞു.

കൊലപാതകത്തെ തുടർന്ന് ജില്ലയിലെ 14 സ്ഥലങ്ങളിലായി തീവെയ്‌പ്പും അക്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മുന്ന് ആക്രമണകേസുകളിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ശിവമോഗയിലെ ക്രമസമാധാന നില ഇപ്പോൾ നിയന്ത്രണ വിധേയമാണെന്നും ഈസ്റ്റേൺ റേഞ്ച് ഡി.ഐ.ജി ഡോ. കെ ത്യാഗരാജൻ അറിയിച്ചു. നേരത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ പൊലീസിനെ വിന്യസിക്കുകയും പൊതുയോഗങ്ങൾ നിരോധിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - Bajrang Dal activist's murder: 8 suspects arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.