വർളി കടൽപാലത്തിൽ അഞ്ച് പേരെ ഇടിച്ചു​കൊന്ന കാറിനെതി​രെ നേരത്തെ 52 കേസുകൾ; അപകടം മൊബൈൽ ചാർജ് ചെയ്യാൻ ശ്രമിക്കുന്നതിനി​ടെ

മുംബൈ: അഞ്ചുപേർ കൊല്ലപ്പെട്ട മുംബൈ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിലെ അപകടത്തിനിടയാക്കിയ കാർ ഇതുവരെ നടത്തിയത് 52 ട്രാഫിക് നിയമലംഘനങ്ങളെന്ന് മോ​ട്ടോർ വാഹന വകുപ്പ്. അമിതവേഗതയിൽ സഞ്ചരിച്ചതാണ് ഇതിൽ ഒമ്പതെണ്ണവും. എന്നാൽ, പാർക്കിങ് സൗകര്യം കുറവാണെന്നും ഇതിന്റെ പേരിലാണ് ഭൂരിഭാഗം ഫൈൻ നോട്ടീസ് ലഭിച്ചതെന്നും ഡ്രൈവറുടെ ബന്ധു പറഞ്ഞു.

വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ശ്രമിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്ന് ഡ്രൈവർ ഇർഫാൻ അബ്ദുൾ റഹീം ബിലാകിയ പറഞ്ഞതായി പൊലീസ് കോടതിയെ അറിയിച്ചു. ഇയാളെ മുംബൈ ലോക്കൽ കോടതി ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

തൊട്ടുമുമ്പ് നടന്ന ഒരു അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ദാരുണ അപകടമുണ്ടായത്. ആംബുലൻസിന് സമീപത്തേക്ക് ഇർഫാൻ ഓടിച്ച ഹ്യുണ്ടായ് ക്രെറ്റ കാർ ഇടിച്ചുകയറുകയായിരുന്നു. അഞ്ചുപേർ ​കൊല്ല​പ്പെട്ട അപകടത്തിൽ 12 പേർക്ക് പരിക്കേറ്റിരുന്നു. ബുധനാഴ്ച പുലർച്ചെ 3.30 ഓടെയാണ് സംഭവം. അപകടം നടന്ന് മണിക്കൂറുകൾക്കകം സൗത്ത് മുംബൈയിലെ മുഹമ്മദ് അലി റോഡിലെ വസതിയിൽ നിന്നാണ് 40 കാരനായ ബിലാകിയയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 304 എ, 338, 337 വകു​പ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഇർഫാൻ ജോഗേശ്വരിയിലെ റിയൽ എസ്റ്റേറ്റ് ഓഫിസിലേക്ക് കാർ ഓടിച്ചുപോകുന്നതിനിടെയാണ് അപകടം. ഏതാനും വർഷം മുമ്പാണ് ഈ കാർ വാങ്ങിയതെന്ന് ഇയാളുടെ ബന്ധു പറഞ്ഞു. "നേരത്തെ നടന്ന അപകടത്തെ തുടർന്ന് പാലത്തിൽ വാഹനങ്ങൾ നിർത്തിയിട്ടിരുന്നു. എന്നാൽ, ഇതേക്കുറിച്ച് പൊലീസോ ടോൾ പ്ലാസക്കാരോ യാതൊരുമുന്നറിയിപ്പും സൂചന ബോർഡും സ്ഥാപിച്ചിരുന്നില്ല. ഇതാണ് അപകടം രൂക്ഷമാക്കിയത്' -ബന്ധു പറഞ്ഞു.

"സംഭവത്തിൽ ഞങ്ങൾ വളരെയേറെ വിഷമത്തിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങളെ ഞങ്ങളുടെ അഗാധമായ അനുശോചനം അറിയിക്കുന്നു. ഇതാദ്യമായാണ് ഞങ്ങളുടെ കുടുംബത്തിൽ നിന്ന് ഒരാൾ ഇത്തരമൊരു അപകടത്തിൽപെടുന്നത്' -അപകടത്തിൽപെട്ട കാറിന്റെ ഉടമയായ ഇർഫാന്റെ ഇളയ സഹോദരൻ ആസിഫ് 'ദ ഇന്ത്യൻ എക്‌സ്പ്രസി'നോട് പറഞ്ഞു. 

Tags:    
News Summary - Bandra-Worli Sea Link accident: I was plugging phone charger at time of crash, confesses SUV driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.