ബംഗളൂരു: 15ാമത് ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം (ബിഫ്സ്) ലോഗോയുടെ പ്രകാശനം മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു. ഫെബ്രുവരി 29 മുതൽ മാർച്ച് ഏഴുവരെ നടക്കുന്ന ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഫെബ്രുവരി 15ന് ആരംഭിക്കും. മേളയിലേക്കുള്ള കന്നട സിനിമ, ഇന്ത്യൻ സിനിമ, ഏഷ്യൻ സിനിമ വിഭാഗങ്ങളിൽ ഫീച്ചർ ഫിലിം സബ്മിഷൻ ശനിയാഴ്ച സമാപിച്ചു.
29ന് വൈകീട്ട് വിധാൻ സൗധക്ക് മുന്നിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ മേളയുടെ ഉദ്ഘാടനം നിർവഹിക്കും. ഓറിയോൺ മാൾ, ചാമരാജ്പേട്ടിലെ രാജ് കുമാർ കലാഭവൻ, ബനശങ്കരിയിലെ സുചിത്ര ഫിലിം സൊസൈറ്റി എന്നിവിടങ്ങളിലെ 11 സ്ക്രീനുകളിലായി 50 രാജ്യങ്ങളിൽനിന്നുള്ള 200ലധികം സിനിമകൾ മാർച്ച് ഒന്ന് മുതൽ പ്രദർശിപ്പിക്കും.
മത്സര വിഭാഗത്തിലുള്ളവയെ കൂടാതെ നിരൂപക പ്രശംസനേടിയ ദേശീയ അന്തർദേശീയ സിനിമകളും മേളയിൽ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. എസ്.കെ. ഭഗവാൻ, മുതിർന്ന നടി ലീലാവതി, ഗായിക വാണി ജയറാം തുടങ്ങിയവരുടെ സ്മരണക്കായി ചിത്രങ്ങളും പ്രദർശിപ്പിക്കും. വോയ്സ് മോഡുലേഷൻ, എഡിറ്റിങ്, മ്യൂസിക്, സ്ക്രീൻപ്ലേ റൈറ്റിങ് തുടങ്ങി സിനിമയുടെ വിവിധ വിഭാഗങ്ങളിൽനിന്നുള്ള ശിൽപശാലകൾ നടക്കും.
ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവായ ഫോട്ടോഗ്രാഫർ വി.കെ. മൂർത്തിയെക്കുറിച്ച് പ്രത്യേക പ്രഭാഷണവും ചലച്ചിത്ര സംവിധായകൻ മൃണാൾ സെന്നിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് പ്രഭാഷണവും നടക്കും. 800 രൂപയാണ് ഡെലിഗേറ്റ് ഫീസ്. വിദ്യാർഥികൾ, മുതിർന്ന പൗരന്മാർ, ഫിലിം സൊസൈറ്റി അംഗങ്ങൾ എന്നിവർക്ക് 400 രൂപയാണ് ഫീസ്. വെബ്സൈറ്റ്: biffes.org
മാർച്ച് ഏഴിന് വൈകീട്ട് വിധാൻസൗധയിലെ ബ്ലാങ്കറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സമാപന ചിത്രപ്രദർശനവും അവാർഡ് വിതരണവും നടക്കും. ഗവർണർ താവർചന്ദ് ഗെഹ് ലോട്ട് സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.