ന്യൂഡൽഹി: 'ഞാൻ കണ്ട ഏറ്റവും ദയാലുവും സ്നേഹസമ്പന്നനുമായ മനുഷ്യൻ, സ്പീഡി എന്ന് എല്ലാവരും വിളിക്കുന്ന എന്‍റെ പിതാവ് ഇന്ന് രാവിലെ കോവിഡുമായുള്ള പോരാട്ടത്തിൽ പരാജിതനായി മരണത്തിന് കീഴടങ്ങി. തന്‍റെ ആഗ്രഹത്തിനെതിരായി പിതാവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുേമ്പാൾ, രണ്ടു ദിവസത്തിനകം തിരിച്ച് വീട്ടിലേക്ക് കൊണ്ടുവരുമെന്ന് ഞാൻ വാക്കുകൊടുത്തിരുന്നു. എനിക്ക് ആ വാക്ക് പാലിക്കാനായില്ല. ഞാൻ തോറ്റുപോയിരിക്കുന്നു. അദ്ദേഹം ഞങ്ങൾക്കു തന്ന ഒരു വാക്കുപോലും ഇക്കാലമത്രയും പാലിക്കാതിരുന്നിട്ടില്ല' -രാജ്യത്തെ മുൻനിര മാധ്യമപ്രവർത്തകരിൽ ഒരാളായ ബർഖാ ദത്താണ് കോവിഡ് ബാധിതനായ പിതാവിന്‍റെ മരണവിവരം ചൊവ്വാഴ്ച രാവിലെ ട്വീറ്റിൽ ലോകത്തെ അറിയിച്ചത്.
എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്നു ബർഖയുടെ പിതാവ് 'സ്പീഡി' എന്ന് വിളിക്കുന്ന എസ്.പി. ദത്ത്. പിതാവ് കോവിഡ് ബാധിതനായി മേദാന്ത ആശുപത്രിയിൽ ചികിത്സയിലുള്ള വിവരം ബർഖ ട്വിറ്ററിലൂടെ േനരത്തേ അറിയിച്ചിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഏപ്രിൽ 24ന് അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അതിന് തനിക്ക് സമ്മതിക്കേണ്ടിവന്നത് ജീവിതത്തിൽ ഇതുവരെ എടുത്തതിൽവെച്ച് ഏറ്റവും കടുത്ത തീരുമാനമായിരുന്നുവെന്നും മൂന്നുനാൾ മുമ്പ് ബർഖ ട്വിറ്ററിൽ കുറിച്ചു. പ്രതീക്ഷകൾ കൈവിട്ടുപോവുകയാണെന്നും അവർ എഴുതി. ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ലഭിക്കാത്തതിനാലാണ് പിതാവിന്‍റെ നില വഷളായതെന്ന് ബർഖയുടെ സഹോദരി വ്യക്തമാക്കിയിരുന്നു.
'എനിക്ക് ശ്വാസം മുട്ടുന്നു, എന്നെ ചികിത്സിക്കൂ..' എന്നാണ് പിതാവ് എന്നോട് അവസാനമായി പറഞ്ഞത്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർ, നഴ്സുമാർ, വാർഡ് സ്റ്റാഫ്, സെക്യൂരിറ്റി ഗാർഡുമാർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങി എല്ലാവരോടും ഞങ്ങളുടെ നന്ദി അറിയിക്കുന്നു. പലതും കണ്ടുപിടിക്കാനും ട്രെയിനുകളും വിമാനങ്ങളും ഉണ്ടാക്കാനും ഇഷ്ടപ്പെട്ട അദ്ദേഹം പേരക്കുട്ടികളുടെ പ്രിയങ്കരനുമായിരുന്നു.
സുമുഖനും ഊർജസ്വലനായ ശാസ്ത്രജ്ഞനും സ്നേഹനിർഭരനായ പിതാവുമെന്ന നിലക്ക് സ്പീഡിയെ ഓർമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്കും സഹോദരിക്കും ചിറകുകൾ നൽകിയത് അദ്ദേഹമാണ്. ഇൗ സന്ദർഭത്തിൽ കോവിഡ് താഴേക്കിടയിൽനിന്ന് റിപ്പോർട്ട് ചെയ്യാനും ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനും കഴിഞ്ഞതാണ് അദ്ദേഹത്തിന് നൽകാൻ കഴിഞ്ഞ ഏറ്റവും മികച്ച അന്ത്യോപചാരമെന്ന് ഞാൻ കരുതുന്നു' -ബർഖ ട്വിറ്ററിൽ കുറിച്ചു. പിതാവ് വെന്‍റിലേറ്ററിലിരിക്കേ കോവിഡ് രോഗികളുടെ ദുരിതങ്ങൾ ലോകത്തിനു മുമ്പാകെ റിപ്പോർട്ട് ചെയ്യുന്നതിൽ കർമനിരതയായിരുന്നു ബർഖ.
ബർഖയുടെ പിതാവ് 'മെക്കാനോ' കളിപ്പാട്ടങ്ങൾ നിർമിക്കുന്നതിൽ വിദഗ്ധനായിരുന്നു. ലോഹക്കഷണങ്ങൾ, കമ്പികൾ, തകിടുകൾ, ചക്രങ്ങൾ, ആക്സിൽ, ഗിയറുകൾ, പ്ലാസ്റ്റിക് പാർട്സുകൾ തുടങ്ങിയവ ഉപയോഗിച്ച് കളിപ്പാട്ടങ്ങൾ നിർമിക്കുന്ന രീതിയാണിത്. പിതാവ് മനോഹരമായി നിർമിക്കുന്ന കളിപ്പാട്ടങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ബർഖ പലതവണ പങ്കുവെച്ചിട്ടുണ്ട്.
രാജ്യത്ത് ഏറെ അറിയപ്പെട്ടിരുന്ന പത്രപ്രവർത്തക പ്രഭ ദത്താണ് എസ്.പി. ദത്തിന്‍റെ ഭാര്യ. ഹിന്ദുസ്ഥാൻ ടൈംസിലായിരുന്നു പ്രഭയുടെ പത്രപ്രവർത്തനം. ബർഖക്കുപുറമെ സി.എൻ.എൻ ഐ.ബി.എന്നിൽ മാധ്യമ പ്രവർത്തകയായ ബഹർ ദത്താണ് മറ്റൊരു മകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.