മുംബൈ: പിളർപ്പുകൾക്കും മുന്നണിമാറ്റത്തിനും ശേഷംവരുന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഷിൻഡെ പക്ഷവും ഉദ്ധവ് പക്ഷവും 53 സീറ്റുകളിൽ കൊമ്പുകോർക്കും. 36 സീറ്റുകളിൽ അജിത് പവാർപക്ഷവും ശരദ് പവാർ പക്ഷവും തമ്മിലാണ് പോര്. യഥാർഥ പാർട്ടി ആരുടേതെന്ന് ജനം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാണിത്.
മുംബൈ ഉൾപ്പെട്ട കൊങ്കൺ മേഖലയാണ് ശിവസേനയുടെ പ്രധാന ശക്തികേന്ദ്രം. 75 മണ്ഡലങ്ങളുള്ള മേഖലയിൽ 26 ഇടങ്ങളിൽ ഇരുപക്ഷവും തമ്മിലാണ് പോര്. പാർട്ടി പിളർത്തി മുഖ്യമന്ത്രിയായ ഏക്നാഥ് ഷിൻഡെക്ക് തന്റെ പക്ഷത്തെ ജയിപ്പിക്കുന്നതിനൊപ്പം സിറ്റിങ് സീറ്റായ കൊപ്രി-പഞ്ച്പഖഡിയിൽ ജയിക്കുകയും വേണം. ഷിൻഡെയുടെ രാഷ്ട്രീയ ഗുരു ആനന്ദ് ദിഘെയുടെ അനന്തരവൻ കേദാർ ദിഘെയാണ് ഉദ്ധവ്പക്ഷ സ്ഥാനാർഥി. സ്വന്തം പക്ഷത്തിന്റെയും മഹാ വികാസ് അഘാഡി(എം.വി.എ) യുടെയും മുന്നിൽ നിൽക്കുന്ന ഉദ്ധവ് താക്കറെക്ക് വർളിയിൽ മത്സരിക്കുന്ന മകൻ ആദിത്യയുടെ വിജയവും ഉറപ്പാക്കണം. ഇത്തവണ ആദിത്യക്കെതിരെ എം.എൻ.എസും സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. മിലിന്ദ് ദേവ്റയാണ് ഷിൻഡെ പക്ഷ സ്ഥാനാർഥി.
ഉത്തര മഹാരാഷ്ട്രയിലാണ് പവാർ കുടുംബത്തിന്റെ ശക്തി കേന്ദ്രം. ബാരമതി നിയമസഭ മണ്ഡലത്തിൽ അജിത് പവാറിനെ നേരിടുന്നത് അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകൻ യുഗേന്ദ്ര പവാറാണ്. 76 സീറ്റുകളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരം. ഇതിൽ 36 സീറ്റുകളും വിദർഭയിലാണ്. ബി.ജെ.പിയിലെ ദേവേന്ദ്ര ഫഡ്നാവിസ് (നാഗ്പൂർ സൗത്ത്വെസ്റ്റ്), കോൺഗ്രസിൽ സംസ്ഥാന അധ്യക്ഷൻ നാന പടോലെ (സകോലി), വിജയ് വഡേതിവാർ (ബ്രഹ്മപുരി) എന്നിവരാണ് മേഖലയിൽ മത്സരിക്കുന്ന പ്രമുഖർ.
ലോക്സഭ തെരഞ്ഞെടുപ്പിൽ വിദർഭയിലെ 10 സീറ്റിൽ അഞ്ചും പിടിക്കാൻ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്. അതേസമയം, ബി.ജെ.പിക്കുവേണ്ടി ആർ.എസ്.എസ് കളത്തിലിറങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് 30 സീറ്റുകളിൽ ഉദ്ധവ് പക്ഷവുമായും 39 സീറ്റുകളിൽ പവാർ പക്ഷവുമായും ബി.ജെ.പി നേർക്കുനേർ പൊരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.