പട്ന: മുസ്‍ലിം ട്രക്ക് ഡ്രൈവറെ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. മുഹമ്മദ് സഹിറുദ്ദീനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെ സരൺ ജില്ലാ പൊലീസ് അറസ്റ്റ് ചെയ്തു.
മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുകളാണ് മുഹമ്മദ് സഹീറുദ്ദീന്റെ ട്രക്കിലുണ്ടായിരുന്നത്. കന്നുകാലികളുടെ എല്ലിൽ നിന്നാണ് മരുന്ന് നിർമ്മാണത്തിനാവശ്യമായ ജലാറ്റിൻ നിർമിക്കുന്നത്. ഇത് ഉപയോഗിച്ച് ക്യാപ്സൂളുകളും സൗന്ദര്യവർധക വസ്തുക്കളും നിർമിക്കാറുണ്ട്. സരൺ ജില്ലയിലെ ഖോരി പാകർ മേഖലയിലൂടെ മുഹമ്മദ് സഹിറുദ്ദീന്റെ ട്രക്ക് കടന്നു പോകുമ്പോൾ വാഹനത്തിന് തകരാർ സംഭവിക്കുകയായിരുന്നു.
തകരാറിലായ വാഹനം പരിശോധിക്കുന്നതിനിടെ സഹിറുദ്ദീന്റെ അടുത്തേക്ക് ഒരു സംഘമാളുകളെത്തി ട്രക്കിലുള്ളത് എന്താണെന്ന് കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ട്രക്കിൽ നിന്നും ദുർഗന്ധം പുറത്ത് വന്നതിനെ തുടർന്ന് ഇവർ സഹിറുദ്ദീനെ മർദിക്കാനാരംഭിച്ചു. പൊലീസെത്തിയിട്ടും മർദനം നിർത്താൻ അവർ തയാറായില്ല. സഹിറുദ്ദീന്റെ ഒപ്പമുള്ള സഹായി ഖുർഷിദ് അലി പ്രദേശത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, കാലിനുള്ള ശസ്ത്രക്രിയക്ക് വിധേയനായതിനാൽ സഹിറുദ്ദീന് ഓടാൻ സാധിച്ചില്ല. തുടർന്ന് ഖുർഷിദ് അലി ഫാക്ടറി ഉടമ മുഹമ്മദ് ഹൈദറിനെ വിവരമറിയിക്കുകയായിരുന്നു
അതേസമയം, പൊലീസിന്റെ മുന്നിൽവെച്ചും ആൾക്കൂട്ടം സഹിറുദ്ദീനെ മർദിച്ചുവെന്ന് മുഹമ്മദ് ഹൈദർ പറഞ്ഞു. ബീഫ് കടത്തുകയാണെന്ന് ആരോപിച്ചായിരുന്നു മർദനമെന്നും ഹൈദർ പറഞ്ഞു. എന്നാൽ, നിയമപരമായി പ്രവർത്തിക്കുന്ന തന്റെ ഫാക്ടറിയിലേക്ക് കന്നുകാലികളുടെ എല്ലുകൾ കൊണ്ടു വരികയായിരുന്നു സഹിറുദ്ദീനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് ഹൈദറിന്റെ ഫാക്ടറിക്ക് ലൈസൻസുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.