വൃന്ദ കാരാട്ട് പുലിയാണ്; അവർ മുന്നിൽ നയിച്ച അഞ്ച് സമരങ്ങൾ അറിയാം

സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടും ഡൽഹി ജഹാംഗീർപുരിയിൽ ഹിന്ദുത്വ ഭരണകൂടം ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകളും കടകളും തകർക്കുന്ന ദൃശ്യങ്ങളാണ് ബുധനാഴ്ച ലോകം കണ്ടത്. നിസഹായരായി നിൽക്കുന്ന ആളുകൾക്കിടയിലേക്കാണ് ധൈര്യപൂർവം സി.പി.എം നേതാവ് വൃന്ദ കാരാട്ട് കടന്നുവന്നത്. സുപ്രീംകോടതിയുടെ സ്റ്റേ ഓർഡറും ഉയർത്തിപ്പിടിച്ചുവന്ന അവർ ബുൾഡോസറുകൾ തടഞ്ഞു. അധികൃതർക്ക് സ്റ്റേ ഓർഡർ കൈമാറി.

മധ്യപ്രദേശിന് ശേഷം സമാന രീതിയിൽ ന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങൾ തർക്കാനെത്തിയ ഡൽഹി കോർപറേഷൻ അധികാരികൾക്ക് മുന്നിൽ അക്രമം തടഞ്ഞ് നിന്ന വൃന്ദ ഒരു ദിവസം കൊണ്ട് രാജ്യത്തെ സമരനായിക ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. ജഹാംഗീർപുരിയിൽ വൃന്ദ കാരാട്ട് ബുൾഡോസർ തടയുന്ന വീഡിയോ വൈറലായിരുന്നു. രണ്ട് മണിക്കൂർ നീണ്ട തർക്കങ്ങൾക്കൊടുവിലാണ് ബൃന്ദയുടെ ആവശ്യം അംഗീകരിച്ച് അധികൃതർക്ക് മടങ്ങേണ്ടിവന്നത്. സമര മുഖങ്ങളിലെ വൃന്ദയുടെ പോരാട്ടം ഇത് ആദ്യ സംഭവമല്ല. അവർ നേതൃത്വം നൽകിയ ചില സമരങ്ങളെ കുറിച്ചറിയാം.

എയർ ഇന്ത്യ മിനി പാവാട പ്രതിഷേധം

ഡൽഹി യൂനിവേഴ്‌സിറ്റിയിൽ നിന്ന് ബിരുദം നേടിയ ശേഷം, 1967ൽ വൃന്ദ കാരാട്ട് എയർ ഇന്ത്യയുടെ ലണ്ടൻ ഓഫീസിൽ ജോലിക്ക് ചേർന്നു. ലണ്ടനിലായിരിക്കെ വനിതാ ജീവനക്കാർ നിർബന്ധമായും മിനി സ്‌കർട്ട് ധരിക്കണം എന്ന നിയമത്തെ അവർ എതിർത്തു.

മിനി സ്‌കർട്ട് യൂനിഫോം നിയമത്തിനെതിരെ അവർ പ്രതിഷേധം ആരംഭിച്ചു. എയർ ഇന്ത്യ മാനേജ്‌മെന്റ് അതിന്റെ കോഡ് ഭേദഗതി ചെയ്ത് വനിതാ ജീവനക്കാർക്ക് സാരിയും പാവാടയും തിരഞ്ഞെടുക്കാൻ അനുവദിക്കാൻ നിർബന്ധിതരായി.

1971ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അവർ പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ ഉപദേശപ്രകാരം സി.പി.എമ്മിൽ ചേരുകയായിരുന്നു.

ബാബാ രാംദേവിനെ വെല്ലുവിളിക്കുന്നു

2005-06 കാലം, മൻമോഹൻ സിംഗ് സർക്കാരിനെ സി.പി.എം തുണക്കുമ്പോൾ, ബാബാ രാംദേവിന്റെ ആയുർവേദ ഫാർമസ്യൂട്ടിക്കൽ കമ്പനിക്കെതിരെ വൃന്ദ കാരാട്ട് സുപ്രധാനമായ ചില ആരോപണങ്ങൾ ഉന്നയിച്ചു. 2005ൽ കമ്പനി തയ്യാറാക്കിയ മരുന്നുകളിൽ മൃഗങ്ങളുടെ ഭാഗങ്ങളും മനുഷ്യന്റെ അസ്ഥികളുമുണ്ടെന്ന് അവർ തെളിയിച്ചു. 2006ന്റെ തുടക്കത്തിൽ, ബാബ രാംദേവിന്റെ കമ്പനി ലൈസൻസിംഗും ലേബലിംഗ് വ്യവസ്ഥകളും ലംഘിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം കണ്ടെത്തിയതായി അവർ അവകാശപ്പെട്ടു.

ബാബ രാംദേവ് ആരോപണങ്ങൾ നിഷേധിച്ചു, എന്നാൽ പിന്നീട് കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള കമ്പനി തൃപ്‌തികരമായ വിശദീകരണത്തോടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞു.

ദിവസങ്ങൾക്ക് ശേഷം ബാബ രാംദേവിന്റെ അനുയായികളും സി.പി.എം പ്രവർത്തകരും ഡൽഹിയിൽ ഏറ്റുമുട്ടി. ബാബാ രാംദേവിന് പിന്തുണയുമായി ആര്യസമാജം പ്രവർത്തകർ വൃന്ദ കാരാട്ടിന്റെ കോലം കത്തിച്ചു. രോഷാകുലരായ സമരക്കാരെയും സി.പി.എം പ്രവർത്തകരെയും പിരിച്ചുവിടാൻ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു.

മധുരയിലെ ജാതി കോളനികളിലേക്ക്

2006 സെപ്തംബറിൽ, ജാതി സംഘർഷങ്ങൾ നടന്ന മധുര ഗ്രാമം സന്ദർശിക്കാൻ വൃന്ദ എത്തി. അവരുടെ സന്ദർശനം പ്രശ്‌നമുണ്ടാക്കുമെന്ന് പറഞ്ഞ് ഭരണകൂടം അവരെ വഴിയിൽ തടഞ്ഞു. ഗ്രാമത്തിൽ മീറ്റിംഗുകൾ നടത്താൻ അവർക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

ഗ്രാമത്തിലേക്കുള്ള വഴിയിൽ പൊലീസ് കാർ തടഞ്ഞപ്പോൾ വൃന്ദ കാരാട്ട് പ്രതിഷേധവുമായി റോഡിൽ കുത്തിയിരുന്നു. നടുറോഡിലെ സമരം കുറച്ചുനേരം തുടർന്നു. പൊലീസ് വഴങ്ങുകയും അവരെ ഗ്രാമത്തിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയും ചെയ്തു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ

2021 മാർച്ചിൽ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ്. എ ബോബ്‌ഡെ ബലാത്സംഗക്കേസ് പ്രതിയോട് വിവാദപരമായ ഒരു പരാമർശം നടത്തി. ബലാത്സംഗത്തിന് ഇരയായ പരാതിക്കാരിയെ വിവാഹം കഴിക്കുമോ എന്ന് ചോദിച്ചത് ആണ് വിവാദമായത്. ഇതിനെതിരെ വൃന്ദ കാരാട്ട് ചീഫ് ജസ്റ്റിസിന് എഴുത്തയച്ചു. പരാമർശം തിരുത്തണം എന്നായിരുന്നു ആവശ്യം. അഭിപ്രായം പിന്തിരിപ്പൻ എന്നായിരുന്നു അവരുടെ അഭിപ്രായം. ജസ്‌റ്റിസ് ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പ്രതിയോട്, "നിങ്ങൾ അവളെ വിവാഹം കഴിക്കാൻ തയ്യാറാണോ?" എന്ന് ചോദിച്ചിരുന്നു.

വൃന്ദ കാരാട്ട് തന്റെ കത്തിൽ പറഞ്ഞു, "പെൺകുട്ടിക്ക് പതിനാറ് വയസ്സുള്ളപ്പോൾ ഈ ക്രിമിനൽ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവൻ തന്റെ കുറ്റകൃത്യം 10-12 തവണ ആവർത്തിച്ചു. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇത് വിവാഹം കഴിക്കാൻ സമ്മതം കാണിക്കുന്നുണ്ടോ?. എന്തായാലും, ഈ പെൺകുട്ടിയെപ്പോലെ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ കാര്യത്തിൽ, സമ്മതത്തിന്റെ പ്രശ്നമില്ലെന്ന് നിയമം വ്യക്തമാണ്. ഇത്തരം ചോദ്യങ്ങൾ ഇരകളുടെ മനസ്സിൽ ഉണ്ടാക്കുന്ന സ്വാധീനം കണക്കിലെടുത്ത് തന്റെ പരാമർശങ്ങൾ പിൻവലിക്കാൻ അന്നത്തെ ചീഫ് ജസ്റ്റിസ് ബോബ്‌ഡെയോട് അവർ ആവശ്യപ്പെട്ടു. "ദയവായി ഈ അഭിപ്രായങ്ങളും ചോദ്യങ്ങളും പുനഃപരിശോധിക്കുകയും പിൻവലിക്കുകയും ചെയ്യുക" -അവർ പറഞ്ഞു.

സ്റ്റാൻ സ്വാമി

2021 ജൂലൈയിൽ, ജാർഖണ്ഡിലെ ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവർത്തകനുമായ ഫാദർ സ്റ്റാൻ സ്വാമിയുടെ കസ്റ്റഡി മരണത്തെത്തുടർന്ന് വൃന്ദ കാരാട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിനെതിരെ കാമ്പയിൻ ആരംഭിച്ചു.

എൽഗാർ പരിഷത്ത്-മാവോയിസ്റ്റ് ബന്ധം സംബന്ധിച്ച കേസിലാണ് സ്റ്റാൻ സ്വാമിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തത്. യു.എ.പി.എ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. 2020 ഒക്ടോബറിൽ റാഞ്ചിക്കടുത്തുള്ള നാംകൂമിലെ ബഗൈച്ച വസതിയിൽ നിന്ന് അറസ്റ്റ് ചെയ്തതു മുതൽ തലോജ സെൻട്രൽ ജയിലിലായിരുന്നു.

ആരോഗ്യപ്രശ്നങ്ങളും ജയിലിലെ മോശം മെഡിക്കൽ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യാപേക്ഷയെ എൻ.ഐ.എ ആവർത്തിച്ച് എതിർത്തിരുന്നു. മുംബൈയിലെ ഹോളി ഫാമിലി ആശുപത്രിയിൽ കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ 2021 ജൂലൈ അഞ്ചിന് സ്റ്റാൻ സ്വാമി അന്തരിച്ചു.

Tags:    
News Summary - Before Jahangirpuri, 5 times Brinda Karat stood out as a neta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.