ന്യൂഡൽഹി: ബംഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ സഖ്യമായി മത്സരിക്കുന്നതിൽ കോൺഗ്രസ് തീരുമാനത്തിന് അനിശ്ചിതമായി കാത്തുനിൽക്കാൻ കഴിയില്ലെന്ന് സി.പി.എം. സഖ്യം സാധ്യമായില്ലെങ്കിൽ 42 സീറ്റിലും മത്സരിക്കാനുള്ള തയാറെടുപ്പ് പാർട്ടി എടുത്തിട്ടുണ്ടെന്നും സംസ്ഥാന ഘടകം പറയുന്നു. കോൺഗ്രസ് നേതൃത്വം ഉടൻ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പറഞ്ഞു.
ബി.ജെ.പി, തൃണമൂൽ കോൺഗ്രസ് വിരുദ്ധ ശക്തികൾക്കായി ഞങ്ങളുടെ വാതിലുകൾ തുറന്നിരിക്കുകയാണ്. ഈ പോരാട്ടത്തിൽ കോൺഗ്രസ് ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, അനിശ്ചിതമായി കാത്തിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
22 സീറ്റുകളിൽ തനിച്ച് മത്സരിക്കാനാണ് നിലവിൽ പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന നേതാക്കൾ പറയുന്നു. ഒമ്പത് സീറ്റുകൾ മറ്റു ഇടതുമുന്നണി അംഗങ്ങളുമായി പങ്കിടും. കോൺഗ്രസ്, ഇന്ത്യൻ സെക്യുലർ ഫ്രണ്ട് (ഐ.എസ്.എഫ്) പോലുള്ള പാർട്ടികൾ സഖ്യത്തിന് തയാറായാൽ 11 സീറ്റുകൾ നൽകാനാണ് സി.പി എമ്മിന്റെ തീരുമാനം.
ദേശീയ തലത്തിൽ കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ് പാർട്ടികൾ സഖ്യത്തിന്റെ ഭാഗമാണെങ്കിലും സംസ്ഥാനത്ത് തൃണമൂലും സി.പി.എമ്മും ഒരുവിധത്തിലും യോജിച്ച് പ്രവർത്തിക്കാനാകില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ബംഗാൾ കോൺഗ്രസ് അധ്യക്ഷനായ അധീർ രഞ്ജൻ ചൗധരിക്ക് സി.പി.എമ്മുമായി സഖ്യമുണ്ടാക്കാൻ ആഗ്രഹമുണ്ട്.
എന്നാൽ, തൃണമൂൽ കോൺഗ്രസുമായുള്ള നീക്കുപോക്ക് സംബന്ധിച്ചും ദേശീയതലത്തിൽ ചർച്ച നടക്കുന്നതിലാണ് തീരുമാനം നീളുന്നതെന്നാണ് സൂചന. കോൺഗ്രസ് മമതക്കൊപ്പം പോയാൽ പാർട്ടി എല്ലാ സീറ്റിലും മത്സരിക്കുമെന്നും സി.പി.എം സംസ്ഥാന നേതാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.