ബംഗളൂരു: ബംഗളൂരുവിലെ ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള സ്കൂളിൽ ബൈബിൾ പഠനം നിർബന്ധമാക്കിയിട്ടുണ്ടെന്ന ആരോപണത്തിൽ ബി.ജെ.പി സർക്കാറിനെ വെല്ലുവിളിച്ച് ബംഗളൂരു ആർച്ച് ബിഷപ് ഡോ. പീറ്റർ മച്ചാഡോ. കഴിഞ്ഞ നൂറ് വർഷത്തിനിടെ ക്രിസ്ത്യൻ മാനേജ്മെന്റ് സ്കൂളുകളിൽ പഠിച്ച വിദ്യാർഥികളിൽ എത്രപേർ ക്രിസ്ത്യൻ മതത്തിലേക്ക് മാറിയിട്ടുണ്ടെന്ന് സർക്കാർ അന്വേഷിക്കണമെന്ന് ഡോ. പീറ്റർ മച്ചാഡോ ആവശ്യപ്പെട്ടു. ക്ലാരൻസ് സ്കൂളിലെ 75 ശതമാനം വിദ്യാർഥികളും ക്രിസ്ത്യൻ മതത്തിലുള്ളവരാണ്. ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്ലാസിനുശേഷമോ മുമ്പോ മത പഠനമുള്ളതിനാലാണ് നേരത്തെ ബൈബിൾ കൊണ്ടുവരാൻ പറഞ്ഞിരുന്നത്.
എന്നാൽ, കഴിഞ്ഞ വർഷം മുതൽ ബൈബിളിനെക്കുറിച്ച് ഒരു നിർദേശവുമില്ലെന്നും വിദ്യാർഥികൾക്ക് വേണമെങ്കിൽ കൊണ്ടുവരാമെന്ന രീതിയാക്കിയെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്കൂളുകളിലും ബൈബിൾ പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനുള്ള നിർദേശം കർണാടകയിലെ എല്ലാ ക്രിസ്ത്യൻ സ്കൂളുകളെയും ബാധിക്കുമെന്ന ആശങ്കയുണ്ട്. ഒരു സ്കൂളിലെ വിഷയമെടുത്ത് മറ്റെല്ലാ സ്കൂളിനും അതേ നിറം നൽകുന്നത് ശരിയല്ല. സർക്കാറിന് ഈ സ്കൂളിനെക്കുറിച്ച് അന്വേഷിക്കാം. അന്വേഷിക്കുമ്പോൾ കഴിഞ്ഞ നൂറു വർഷത്തിനിടെ സ്കൂളിലെ എത്ര വിദ്യാർഥികൾ മതം മാറിയിട്ടുണ്ടെന്നും അവരിൽ എത്രപേർ ക്രിസ്ത്യാനികളായിട്ടുണ്ടെന്നും അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥികൾ ബൈബിൾ കൊണ്ടുവരുന്നതിൽ എതിർപ്പില്ലെന്ന തരത്തിൽ ബംഗളൂരുവിലെ ക്ലാരൻസ് സ്കൂൾ മാനേജ്മെന്റ് രക്ഷിതാക്കളിൽനിന്ന് സത്യവാങ് മൂലം വാങ്ങിക്കുന്നുവെന്ന തീവ്രഹിന്ദുത്വ സംഘടനകളുടെ ആരോപണത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂളിന് നോട്ടീസ് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.