ബംഗളൂരു: കർണാടകയിൽ വെല്ലുവിളിയുടെ ഭാഗമായി പടക്കംനിറച്ച പെട്ടിയുടെ പുറത്തിരുന്ന 32കാരൻ പൊട്ടിത്തെറിച്ച് മരിച്ചു. ദീപാവലി രാത്രിയിലാണ് ദാരുണസംഭവം ഉണ്ടായത്. ശബരീഷ് ആണ് മരിച്ചത്.
ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി ഒക്ടോബർ 31ന് രാത്രിയിൽ ശബരീഷും സുഹൃത്തുക്കളും സംഘം ചേർന്ന് മദ്യപിച്ചിരുന്നു. പടക്കം നിറച്ച പെട്ടിയുടെ മുകളിൽ ഇരിക്കാമെങ്കിൽ ഓട്ടോറിക്ഷ നൽകാമെന്ന് സുഹൃത്തുക്കൾ ശബരീഷിന് വാഗ്ദാനം ചെയ്തു.
തൊഴിൽ രഹിതനായ യുവാവ് സുഹൃത്തുകളുടെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് ശബരീഷ് പടക്കപ്പെട്ടിയുടെ മുകളിൽ ഇരുന്നതിന് പിന്നാലെ സുഹൃത്തുക്കൾ തീ കൊളുത്തി. പിന്നാലെ സുഹൃത്തുക്കൾ സ്ഥലത്ത് നിന്ന് ദൂരേക്ക് ഓടി മാറി.
പടക്കം പൊട്ടിത്തെറിച്ചതിന് പിന്നാലെ യുവാവ് നിലത്ത് വീണു. ഉടൻ തന്നെ സുഹൃത്തുകൾ ഗുരുതര പരിക്കേറ്റ ശബരീഷിനെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, ആരോഗ്യനില മോശമായ യുവാവ് നവംബർ രണ്ടിന് മരിച്ചു.
യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കൊനാനകുണ്ടെ പൊലീസ് ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. സംഭവത്തിന്‍റെ സി.സിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ശബരീഷ് തൊഴിൽ രഹിതനാണെന്നും ഓട്ടോറിക്ഷ ലഭിക്കുന്നതോടെ നല്ലൊരു ഭാവി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുഹൃത്തുക്കളുടെ വെല്ലുവിളി സ്വീകരിച്ചതെന്നും സൗത്ത് ഡി.സി.പി ലോകേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.