കേസ് പിൻവലിക്കാൻ മുൻ ഭാര്യ ആവശ്യപ്പെട്ടത് മൂന്ന് കോടി; മകനെ കാണാൻ 30 ലക്ഷം -ജീവനൊടുക്കിയ ടെക്കിയുടെ സഹോദരൻ

ബംഗളൂരു: ഭാര്യയുടെ പീഡനം സഹിക്കവയ്യാതെ സമൂഹമാധ്യമങ്ങളിൽ കുറിപ്പെഴുതി ജീവനൊടുക്കുകയും വാർത്തയാകുകയും ചെയ്ത ബംഗളൂരുവിലെ ഓട്ടോമൊബൈൽ സ്ഥാപനത്തിലെ ഡെപ്യൂട്ടി ജനറൽ മാനേജരുടെ മരണത്തിൽ വെളിപ്പെടുത്തലുമായി സഹോദരൻ. മരിച്ച അതുൽ സുഭാഷിനെതിരായ കേസുകൾ പിൻവലിക്കാൻ മുൻ ഭാര്യ മൂന്ന് കോടി രൂപയും മകനെ കാണാനുള്ള സന്ദർശനാവകാശത്തിന് 30 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നെന്നാണ് സഹോദരൻ പറയുന്നത്. ഇക്കാര്യമുന്നയിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തിട്ടുണ്ട്.

മൂന്നേകൊല്ലൽ സ്വദേശി 34കാരനായ അതുൽ സുഭാഷിനെ അപ്പാർട്ടുമെന്‍റിൽ തിങ്കളാഴ്ചയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് കണ്ടെടുത്ത 24 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നു. താൻ ജീവനൊടുക്കാൻ കാരണം ഭാര്യയും ഭാര്യവീട്ടുകാരും കുടുംബ കോടതിയിലെ ജഡ്ജുമാണെന്നും യുവാവ് ആത്മഹത്യ കുറിപ്പിൽ പറയുന്നു.

ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയാണ് കുറിപ്പിൽ പരാമർശിക്കുന്നത്. കോടതിയിലെ ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നിൽവച്ച് കൈക്കൂലി വാങ്ങി. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നൽകിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.

തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെട്ടില്ലെങ്കിൽ ത​ന്‍റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറയുന്നു. തന്‍റെ കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന ത​ന്‍റെ കുടുംബത്തെ ഏൽപ്പിക്കണമെന്നും യുവാവ് ആവശ്യപ്പെട്ടിട്ടുണ്ട്.

തനിക്ക് നീതി ലഭിക്കുന്നതുവരെ തന്‍റെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്ന് കുടുംബാംഗങ്ങളോട് അഭ്യർഥിക്കുന്നു. താൻ നേരിട്ട വിഷമം വിവരിക്കുന്ന വിഡിയോ റെക്കോർഡ് ചെയ്‌ത സുഭാഷ്, ഈ വീഡിയോയുടെ ലിങ്ക് എക്സിൽ പങ്കുവെക്കുകയും ഇലോൺ മസ്‌കിനെയും നിയുക്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തു. ‘‘നിങ്ങൾ ഇത് കാണുമ്പോഴേക്ക് ഞാൻ മരിച്ചിരിക്കും. ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് നിയമപരമായ പുരുഷ വംശഹത്യയാണ്. മരിച്ച ഒരാൾ ഇലോൺ മസ്‌കിനോടും ഡോണൾഡ് ട്രംപിനോടും ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കാനും അഭ്യർഥിക്കുന്നു” എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.

തുടർന്ന്, സഹോദരൻ ബികാസ് കുമാർ ജ്യേഷ്ഠന്‍റെ മരണത്തിന് കാരണം അദ്ദേഹത്തിന്‍റെ മുൻ ഭാര്യയും കുടുംബവുമാണെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകുകയായിരുന്നു. മുൻ ഭാര്യ സിംഘാനിയ, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Bengaluru techie Atul Subhash death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.