ബംഗളൂരുവിൽ ഭാര്യയും ഭാര്യാവീട്ടുകാരും നിരന്തരം ഉപദ്രവിക്കുന്നുവെന്നാരോപിച്ച് ടെക്കി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി നടിയും എം.പിയുമായ കങ്കണ റണാവുത്ത്. വാർത്ത ഹൃദയഭേദകമാണെന്നും ഭർത്താക്കന്മാരിൽ നിന്ന് പണം തട്ടിയെടുക്കാൻ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളുടെ വ്യാജ ഫെമിനിസമാണ് ഇതിനൊക്കെ കാരണമെന്നും കങ്കണ പറഞ്ഞു.
'രാജ്യം മുഴുവൻ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ വിഡിയോ ഹൃദയം തകർക്കുന്നതാണ്. വ്യാജ ഫെമിനിസം വിമർശിക്കപ്പെടണം. ഇത്തരത്തിൽ കബളിപ്പിച്ച് കോടിക്കണക്കിന് രൂപകളാണ് തട്ടിയെടുക്കുന്നത്. വിവാഹബന്ധം തകരുന്ന 99 ശതമാനം കേസുകളിലും പുരുഷൻമാരാണ് പ്രതിസ്ഥാനത്തുണ്ടാവാറുള്ളത്. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നത്.''-കങ്കണ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഭാര്യമാർ നൽകുന്ന പരാതികളിൽ പുരുഷൻമാർക്ക് സംരക്ഷണം ലഭിക്കാറില്ലെന്നാണ് ജീവനൊടുക്കിയ യുവാവിന്റെ സഹോദരൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരം കേസുകളിൽ അറസ്റ്റ് നടക്കാത്തതിനെയും അദ്ദേഹം ചോദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ കുടുംബം നിയമനടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണ്. അദ്ദേഹത്തിന് നീതി ലഭിക്കണം. പുരുഷൻമാർക്കും നിയമപരിരക്ഷ വേണം. സർക്കാർ ഇതു മനസിലാക്കണം. സ്ത്രീകളെ പോലെ പുരുഷൻമാരുടെ ജീവിതത്തിനും പ്രാധാന്യമുണ്ട്.-അദ്ദേഹം കൂട്ടിച്ചേർത്തു.
തിങ്കളാഴ്ചയാണ് സ്വകാര്യ ഐ.ടി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അതുൽ സുഭാഷ് ബംഗളൂരുവിലെ വീട്ടിൽ സീലിങ്ങിൽ തൂങ്ങി ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിൽ ഭാര്യക്കെതിരെ സുഭാഷിന്‍റെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
24 പേജുള്ള ആത്മഹത്യാക്കുറിപ്പാണ് പൊലീസ് കണ്ടെത്തിയത്. ഓരോ പേജിലും നീതി ലഭിക്കണമെന്ന് സുഭാഷ് ആവശ്യപ്പെടുന്നുണ്ട്. ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഉത്തർപ്രദേശിലെ ജൗൻപൂരിലുള്ള കുടുംബ കോടതി ജഡ്ജിയെയും കുറിപ്പിൽ പരാമർശിക്കുന്നു. കോടതിയിലെ ഒരു ഉദ്യോഗസ്ഥൻ ജഡ്ജിക്ക് മുന്നിൽവച്ച് കൈക്കൂലി വാങ്ങിയതായി സുഭാഷ് ആരോപിക്കുന്നു. കൊലപാതകശ്രമം, ലൈംഗികാതിക്രമം, ഗാർഹിക പീഡനം, സ്ത്രീധനപീഡനം തുടങ്ങി ഒമ്പത് കേസുകളാണ് തനിക്കെതിരെ ഭാര്യ നൽകിയതെന്ന് സുഭാഷ് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ആത്മഹത്യയിലേക്ക് നയിക്കാൻ തന്നെ പ്രേരിപ്പിച്ച സംഭവങ്ങളും അദ്ദേഹം വിവരിച്ചു. തനിക്ക് നീതി ലഭിക്കുന്നതുവരെ തൻ്റെ ചിതാഭസ്മം നിമഞ്ജനം ചെയ്യരുതെന്ന് കുടുംബാംഗങ്ങളോട് അഭ്യർഥിക്കുകയും താൻ നേരിട്ട വിഷമം വിവരിക്കുകയും ചെയ്യുന്ന വിഡിയോ സുഭാഷ് റെക്കോർഡുചെയ്‌തു. ഈ വീഡിയോയുടെ ലിങ്ക് എക്സിൽ പങ്കുവെക്കുകയും ഇലോൺ മസ്‌കിനെയും നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ടാഗ് ചെയ്യുകയും ചെയ്തു.
തന്നെ ഉപദ്രവിച്ചവർ നിയമത്തിനു മുന്നിൽ ശിക്ഷിക്കപ്പെടുന്നതുവരെ ചിതാഭസ്മം സംസ്കരിക്കരുതെന്ന് സുഭാഷ് വിഡിയോയിൽ അഭ്യർഥിച്ചു. അത് സംഭവിച്ചില്ലെങ്കിൽ തന്റെ ആത്മാവിന് വേണ്ടി ചിതാഭസ്മം കോടതിക്ക് പുറത്തുള്ള ഓടയിൽ തള്ളണമെന്നും ഈ രാജ്യത്തെ നീതിയുടെ വില മനസ്സിലാക്കിക്കാനാണിതെന്നും യുവാവ് പറഞ്ഞു. തെറ്റായ ആരോപണങ്ങളിലും പീഡനങ്ങളിലും വേദന പ്രകടിപ്പിക്കുകയും നല്ല ഭാവിക്കായി കുട്ടിയെ സ്വന്തം മാതാപിതാക്കൾ വളർത്തണമെന്നതുൾപ്പടെ നിരവധി ആഗ്രഹങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തു. കുട്ടിയെ വളർത്താൻ പണമില്ലെന്ന് ഭാര്യ സമ്മതിച്ചിട്ടുണ്ടെന്നും അവനെ ഏറ്റവും നന്നായി പരിപാലിക്കുന്ന മാതാപിതാക്കളും സഹോദരനുമടങ്ങുന്ന തന്റെ കുടുംബത്തെ ഏൽപ്പിക്കണമെന്നും യുവാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.