കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ മധ്യപ്രദേശിലെ

ബുർഹാൻപൂർ ജില്ലയിലെത്തിയപ്പോൾ

ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ; വിദ്വേഷത്തിനും അക്രമത്തിനും എതിരേയാണ് യാത്രയെന്ന് രാഹുൽ

ബോദർലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് മധ്യപ്രദേശിൽ ഉജ്ജ്വല സ്വീകരണം. മഹാരാഷ്ട്രയിൽനിന്ന് മധ്യപ്രദേശിലെ അതിർത്തി പ്രദേശമായ ബുർഹാൻപുർ ജില്ലയിലെ ബോദർലി ഗ്രാമത്തിലാണ് യാത്ര പ്രവേശിച്ചത്.

പരമ്പരാഗത നൃത്തച്ചുവടുകളോടെയായിരുന്നു സ്വീകരണം. മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോലെയിൽനിന്ന് മധ്യപ്രദേശ് അധ്യക്ഷൻ കമൽനാഥ് കോൺഗ്രസ് പതാക ഏറ്റുവാങ്ങി. മൂവർണ പതാകയുമായി വൻ ജനാവലി പദയാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം അണിചേർന്നു.

സമൂഹത്തിൽ പടരുന്ന വിദ്വേഷത്തിനും അക്രമത്തിനും ഭയത്തിനും എതിരെയാണ് യാത്രയെന്ന്, ജനങ്ങളെ അഭിസംബോധന ചെയ്ത് രാഹുൽ ഗാന്ധി പറഞ്ഞു. മൂവർണ പതാകയും കൈയിലെടുത്ത് കന്യാകുമാരിയിൽനിന്നാണ് യാത്ര തുടങ്ങിയത്.

ശ്രീനഗറിൽ എത്തുന്നതിനുമുമ്പ് യാത്രയെ തടയാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ആദ്യം യുവാക്കളുടെയും കർഷകരുടെയും തൊഴിലാളികളുടെയും മനസ്സിൽ ഭയം വിതക്കുന്നു. പിന്നീട് അതിനെ അക്രമമാക്കി മാറ്റുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

12 ദിവസമാണ് യാത്ര മധ്യപ്രദേശിലൂടെ സഞ്ചരിക്കുക. ഇന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുടുംബത്തോടൊപ്പം യാത്രയിൽ പങ്കുചേരുമെന്നു കമൽനാഥ് അറിയിച്ചു. ഇന്നും നാളെയുമായി ബുർഹാൻപുർ മുതൽ ഇൻഡോർവരെ രാഹുൽ ഗാന്ധിക്കൊപ്പം സഹോദരി പ്രിയങ്കയുമുണ്ടാകും.

സംസ്ഥാനത്ത് 380 കി.മി പൂർത്തിയാക്കുന്ന യാത്ര പിന്നീട് രാജസ്ഥാനിൽ പ്രവേശിക്കും. സെപ്റ്റംബർ ഏഴിനാണ് തമിഴ്നാട്ടിലെ കന്യാകുമാരിയിൽനിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്.

Tags:    
News Summary - Bharat Jodo Yatra in Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.