ന്യൂഡൽഹി: ഭീമ-കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ അന്വേഷണ സംഘം ഇതിനകം അറസ്റ്റു ചെയ്തത് അഭിഭാഷകർ, ആക്ടിവിസ്റ്റുകൾ, അധ്യാപകർ ഉൾപ്പെടെ 12ഓളം പേരെ. നിരവധി പേരെയാണ് ചോദ്യം ചെയ്തത്. തെളിവുകൾ ഇല്ലാതിരുന്നിട്ട് പോലും അധ്യാപകരെ നിരന്തരം ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനും അറസ്റ്റ് ചെയ്യുന്ന എൻ.ഐ.എയുടെ നപടിക്കെതിരെ ഡൽഹി യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളും അധ്യാപകരും ശക്തമായ ഓൺലൈൻ കാമ്പയിനുമായി രംഗത്തെത്തിയിട്ടുണ്ട്.
സുധ ഭരദ്വാജ്, ഷോമ സെന്‍, സുരേന്ദ്ര ഗാഡ്ലിങ്, മഹേഷ് റൗത്, അരുണ്‍ ഫെരൈര, സുധീര്‍ ധവാലെ, റോണ വില്‍സണ്‍, വെര്‍ണന്‍ ഗോണ്‍സാല്‍വ്സ്, വി. വരവര റാവു, ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവ്‍ലഖ എന്നിവർ നേരത്ത തന്നെ കേസിൽ അറസ്റ്റിലായിരുന്നു. ഇതിൽ സുധ ഭരദ്വാജ് (തൊഴിലാളി യൂണിയന്‍ നേതാവ്), ഗൗതം നവ്‍ലഖ (പൗരാവകാശ പ്രവര്‍ത്തകന്‍), അരുണ്‍ ഫെരൈര, വെര്‍ണന്‍ ഗോണ്‍സാല്‍വെസ് (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), പി. വരാവര റാവു (തെലുങ്ക് കവി) എന്നിവർ പ്രമുഖരും നരേന്ദ്ര മോദി സര്‍ക്കാറിന്‍റെ വിമര്‍ശകരുമാണ് എന്നത് ശ്രദ്ദേയമാണ്.
വിയോജിപ്പുകൾ തടയുന്നതിനും ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിയമത്തിൻെറ നഗ്നമായ ദുരുപയോഗമാണ് യു.എ.പി.എ ആക്ട് പ്രകാരമുള്ള സാംസ്കാരിക പ്രവർത്തകർക്ക് നേരെയുള്ള നടപടിയെന്ന ആരോപണം ശക്തമാണ്. പ്രമുഖരുടെ അറസ്റ്റിനെ തുടർന്ന് വ്യാപകമായ പ്രതിഷേധവും വിമര്‍ശനവുമായിരുന്നു രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുയർന്നത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, ബുക്കര്‍ പുരസ്‍കാര ജേതാവ് അരുന്ധതി റോയ്, മനുഷ്യാവകാശ സംഘടന ആംനസ്റ്റി വരെ പൊലീസ് നടപടിയെ വിമര്‍ശിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ഹിന്ദു കോളജ് ഇംഗ്ലീഷ് വിഭാഗത്തിലെ മലയാളി അധ്യാപകനായ പ്രൊഫസർ പി.കെ വിജയനാണ് കേസുമായി ബന്ധപ്പെട്ട് എൻ.ഐ.എ അവസാനമായി നോട്ടിസ് നൽകിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്. വിജയനൊപ്പം മറ്റൊരു ഫാകൽറ്റിയായ രാകേഷ് രഞ്ജനും നോട്ടീസ് അയച്ചിരുന്നു.
അതേസമയം, നോട്ടീസിന് പിന്നിൽ സംഘപരിവാർ ആണെന്നും ശബ്ദിക്കുന്ന ആളുകളുടെ വായ അടപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇദ്ദേഹത്തിന്‍റെ ഭാര്യയും അധ്യാപികയുമായ കരൺ ഗബ്രിയേൽ പ്രമുഖ മാധ്യമത്തോട് പറഞ്ഞിരുന്നു.
കഴിഞ്ഞ ജൂലൈ 28ന് ഭീമ കൊറേഗാവ് കേസിൽ ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസർ ഹനി ബാബുവിനെ എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. നക്‌സൽ, മാവോയിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങൾ പ്രചരിപ്പിക്കുന്നെന്നായിരുന്നു എൻ.ഐ.എ കണ്ടെത്തൽ. കേസിലെ പ്രതിയായ റോണ വിത്സനുമായി ഹാനി ബാബുവിനും ഭാര്യ ജെന്നി റൊവേനക്കും ബന്ധമുണ്ടെന്നും എൻ.ഐ.എയുടെ പറഞ്ഞിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒരാഴ്ച ഹനി ബാബുവിനെ എൻ.ഐ.എ മുംബൈയിൽ ചോദ്യം ചെയ്തിരുന്നു. പിന്നാലെയായിരുന്നു അറസ്റ്റ്.
ഭീമ-കൊറെഗാവ് യുദ്ധം
1818 ജനുവരി 1നാണ് മഹാരാഷ്ട്രയുടെ ചരിത്രത്തിന്‍റെ ഭാഗമായ കൊറെഗാവ്‍ യുദ്ധം നടന്നത്. മറാത്ത രാജാവ് പെഷ്‍വ ബാജിറാവുവിന്‍റെ സൈന്യവും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമാണ് ഏറ്റുമുട്ടിയത്. ഭീമ-കൊറെഗാവ്‍ വാസികളായ ദലിത് വിഭാഗമായ മഹര്‍ സമുദായത്തെ മറാത്തകള്‍ക്കൊപ്പം പോരാടാന്‍ അനുവദിച്ചില്ല. ജാതിയില്‍ താഴ്‍ന്നവരായ മഹറുകള്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ കഴിയില്ലെന്നതായിരുന്നു വാദം.
ഇതേതുടർന്ന് മഹര്‍ പോരാളികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനി സൈന്യത്തില്‍ ചേര്‍ന്നു. എണ്ണത്തില്‍ കുറവായിരുന്ന ബ്രിട്ടീഷ്-മഹര്‍ സൈന്യം മറാത്ത സൈന്യത്തെ തോല്‍പ്പിച്ചതോടെ ചരിത്രമായി. ഇത് സൈനികമായ വിജയം എന്നതിനെക്കാള്‍ ജാതി വിവേചനത്തിന് എതിരെയുള്ള വിജയമായാണ് മഹര്‍ സമുദായം കണക്കാക്കുന്നത്. ഇതേതുടർന്ന് രണ്ട് സമുദായങ്ങളും തമ്മിലുള്ള അകലം വര്‍ധിപ്പിക്കുന്നതിനും യുദ്ധം കാരണമായെന്നാണ് ചരിത്രം പറയുന്നത്.
തുടർന്ന് പോരാട്ടത്തില്‍ കൊല്ലപ്പെട്ട ദലിത് പട്ടാളക്കാര്‍ക്ക് വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭീമ-കൊറെഗാവിൽ ഒരു യുദ്ധ സ്‍മാരകം പണിതിരുന്നു. മഹര്‍ സമുദായം ഇത് ഇന്നും സംരക്ഷിച്ചു വരുന്നു. വര്‍ഷവും ജനുവരി ഒന്നാം തീയതി യുദ്ധവിജയത്തിന്‍റെ സ്‍മരണ പുതുക്കി ഇവർ സ്മാരകത്തിനടുത്ത് ഒരുമിച്ചു കൂടുന്നു.
ഭീമ-കൊറെഗാവ് 200ാം വാർഷികം
2018 ജനുവരി 1ന് ഭീമ-കൊറെഗാവ്‍ യുദ്ധത്തിന്‍റെ 200ാം വാര്‍ഷികമായിരുന്നു. ഇത് ദലിത് സംഘടനകള്‍ വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചു. ഏകദേശം നാല് ലക്ഷം ആളുകളായിരുന്നു ആഘോഷ പരിപാടിക്കായി ഭീമ-കൊറെഗാവിലേക്ക് എത്തിയത്. ഇതിൽ കടുത്ത ബി.ജെ.പി, സവര്‍ണ ഹിന്ദുത്വ വിരുദ്ധരായ ജിഗ്‍നേഷ് മേവാനി എം.എല്‍.എ, ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്, ഹൈദരബാദ് സര്‍വകലാശാലയില്‍ ദലിത് പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്‍ത രോഹിത് വെമുലയുടെ അമ്മ രാധിക വെമുല തുടങ്ങിയവരാണ് പരിപാടിയില്‍ എത്തിയത്.
ഭീമ-കൊറെഗാവ് സംഘർഷം
ഏകദേശം നാല് ലക്ഷം പേര്‍ പങ്കെടുത്ത ഭീമ-കൊറെഗാവ് യുദ്ധ സ്‍മാരക റാലിയില്‍ കുറച്ചാളുകള്‍ കാവിക്കൊടിയുമായി എത്തിയതോടെയാണ് സംഘർഷത്തുലേക്ക് വഴിവെച്ചതെന്നാണ് രേഖകൾ പറയുന്നത്. ഇത് ഉന്തിലും തള്ളിലും ഒടുവില്‍ ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. ആഘോഷം അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് ദലിത് പാര്‍ട്ടികള്‍ പ്രക്ഷോഭം മുംബൈ നഗരത്തിലേക്ക് കൂടി നീട്ടി.
ദലിത് സംഘടനകളും ഹിന്ദുത്വ അനുഭാവികളും തമ്മില്‍ ഏറ്റുമുട്ടിയതോടെ 31 ജില്ലകളിലായി 187 സര്‍ക്കാര്‍ ബസുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് തകർക്കപ്പെട്ടത്. പ്രക്ഷോഭം അക്രമാസക്തമാവുകയും രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സംഘർഷമുണ്ടാവുകയും ചെയ്‌തിരുന്നു. രാഹുല്‍ ഫതാംഗ്‍ലേ എന്ന 28 വയസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് മഹാരാഷ്ട്ര സര്‍ക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
അക്രമത്തിന് പിന്നിൽ അർബൻ മാവോയിസ്റ്റുകൾ ആണെന്നാരോപിച്ച് വരവര റാവു, അഭിഭാഷക സുധ ഭരദ്വാജ്, ആക്ടിവിസ്‌റ്റുകളായ അരുൺ ഫെരൈര, വെർണൻ ഗോൺസാൽവസ്, ഗൗതം നവ്‌ലഖ തുടങ്ങിയവരെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഈ വർഷം ജനുവരിയിലാണ് കേസ് എൻ.ഐ.എയ്ക്ക് കൈമാറിയത്. നേരത്തെ, മാവോവാദികളുമായി ബന്ധമുള്ളവരാണ് അറസ്റ്റിലായ ആളുകളെന്നും ഇവർ കേന്ദ്ര സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നും പൂനെ പൊലീസ് ആരോപിച്ചിരുന്നു.
എന്നാൽ, വ്യാജ തെളിവുകൾ സൃഷ്ടിച്ചും നേതാക്കളെ അനാവശ്യമായി അറസ്റ്റ് ചെയ്തതിനെ തുടർന്നും പൊലീസിനെതിരെയും തുടക്കം മുതൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.